കോഴഞ്ചേരി: വിപണി വിലയില്‍ ഗാര്‍ഹിക പാചകവാതകം അനധികൃതമായി ലഭ്യമാക്കുന്ന സംഘം കോഴഞ്ചേരിയില്‍ കുടുങ്ങി. പത്തനംതിട്ട നഗരത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയിലാണ് കോഴഞ്ചേരി മേലുകരയില്‍ നിന്ന് ഇത്തരം ഒരു യൂണിറ്റ് കണ്ടെത്തിയത്. സിലിണ്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കാനുപയോഗിക്കുന്ന യൂണിറ്റ്, നാട്ടില്‍ ഇല്ലാത്ത പ്രവാസികളുടെ ഗ്യാസ് കണക്ഷന് ബുക്ക്, നിറച്ച സിലിണ്ടറുകള്‍ കടത്താനുപയോഗിച്ച് വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഹോട്ടലുകളിലും മറ്റും ഗാര്‍ഹിക പാചകവാതകം ഉപയോഗിക്കുന്നതായി സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പത്തനംതിട്ടയില്‍ ചിപ്സ് സെന്ററില്‍ പൊട്ടിത്തെറിച്ചവയിലും ഗാര്‍ഹിക സിലിണ്ടറുകളുണ്ടായിരുന്നു. യഥേഷ്ടം സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ എത്തുന്നതായി കണ്ടെത്തിയതിനേ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ജില്ലയ്ക്കു പുറത്തുനിന്നും വന്‍തോതില്‍ സിലിണ്ടറുകള്‍ ഇവിടേക്ക് എത്തുന്നതായും കണ്ടെത്തിയിരുന്നു. പത്തനംതിട്ട ടൗണിലെ തീ പിടുത്തത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നാണ് ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ജി ലേഖ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. മേലുകര പുതുപ്പറമ്പില്‍ സുരേഷിന്റെ വീട്ടിലാണ് നിയമലംഘനം നടത്തി യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
19 ഗ്യാസ് സിലിണ്ടറുകള്‍, ഗ്യാസ് നിറക്കാനുള്ള പമ്പ് തുടങ്ങി നിരവധി സാധന സാമഗ്രികളും കണ്ടെത്തുകയായിരുന്നു. ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ റീ ഫില്ലിംഗ് സുരേഷിന്റെ വീട്ടില്‍ നടന്നതായി കണ്ടെത്തി. നിയമ നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത സാമഗ്രികള്‍ മേലുകരയിലെ അംഗീകൃത ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി. തുടര്‍ നടപടികളുടെ ഭാഗമായി ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്ന് സപ്ലൈ ഓഫീസര്‍ എം. അനില്‍ പറഞ്ഞു.
തീക്കളിയില്‍
ലാഭക്കൊയ്ത്ത്
അനധികൃതമായി പാചകവാതകം നിറച്ച് വിതരണം നടത്തുന്നതിന് അധികൃതര്‍ കസ്റ്റഡിയിലെടുത്ത കോഴഞ്ചേരി-മേലുകര സ്വദേശി സുരേഷ് വില്പനയിലും വെട്ടിപ്പു നടത്തിയതായി കണ്ടെത്തി.
14 കിലോ തൂക്കമുള്ള ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറില്‍ നിന്നു യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ 19 കിലോ തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളിലേക്കാണ് ഗ്യാസ് നിറച്ച് വില്പന നടത്തിയിരുന്നത്.
19 കിലോഗ്രാം തൂക്കം സിലിണ്ടറിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹോട്ടല്‍, റസ്റ്റോറന്റുകള്‍ക്കും തട്ടുകടകള്‍ക്കും വിറ്റിരുന്നത്. സിലിണ്ടറുകളില്‍ സ്റ്റിക്കറും ഒട്ടിച്ചിരുന്നു. 14 കിലോ തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ രീതിയില്‍ തന്നെ കുറഞ്ഞത് 400 രൂപ ഒരു സിലിണ്ടറിന് ലാഭം ലഭിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 1786 രൂപയാണ് വില. എന്നാല്‍ തത്കാല്‍ വിതരണത്തിന് 1786 രൂപയോടൊപ്പം 200 രൂപയും അധികത്തില്‍ വാങ്ങിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ അംഗീകൃത ഏജന്‍സികള്‍ പാചകവാതക വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലെയിറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് തന്റെ വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചാണ് അനധികൃത വിതരണം നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.