പത്തനംതിട്ട ജില്ലയില്‍ വൈദ്യുതി മേഖലയുടെ വികസനവും അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും ലക്ഷ്യമിട്ട് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടു കൂടി നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം -ആര്‍ഡിഎസ്എസ്) ജില്ലാതല ശില്‍പ്പശാല ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോഴഞ്ചേരി ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
നിലവിലുള്ള വൈദ്യുതി പ്രസരണ, വിതരണ ശൃംഖല പരിഷ്‌കരിക്കുകയും ഊര്‍ജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ഊര്‍ജ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനവുമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ഡിഡിഎസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ 61 കോടി രൂപയുടെ പദ്ധതികളുടെ ദര്‍ഘാസ് നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്ക് സമര്‍പ്പിക്കേണ്ട പ്രവര്‍ത്തികളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു.
ആന്റോ ആന്റണി എംപി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ പി.കെ. പ്രേംകുമാര്‍ വിഷയാവതരണം നടത്തും.