കെഎസ്ആര്‍ടിസിയുടെ
ഗവി വിനോദയാത്രാ പാക്കേജിന് തുടക്കമായി
പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങള്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഒരുക്കും. കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡിപ്പോയാണ് പത്തനംതിട്ട കെഎസ്ആര്‍ടിസി എന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.

Advertisements

ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.
ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണ്.
ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അവസരമാണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അവസരത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദീര്‍ഘനാളായി ജില്ലയില്‍ മുടങ്ങി കിടന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.

കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡിടിഒ അറിയിച്ചു. പത്തനംതിട്ട ഡിടിഒ തോമസ് മാത്യു, വാര്‍ഡ് അംഗം എസ്. ഷമീര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ജി.ഗിരീഷ് കുമാര്‍, ആര്‍.അജി, എസ്. സുജിത്ത്, ടി. വേണുഗോപാല്‍, നൗഷാദ് കണ്ണങ്കര (ജനതാദള്‍), പി.കെ ജയപ്രകാശ്, ബജറ്റ് ടൂറിസം കൗണ്‍സില്‍ പ്രതിനിധികളായ സുമേഷ്, സന്തോഷ്, ആര്‍. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.