പത്തനംതിട്ട : കുമ്പഴ വെട്ടൂരിൽ നിന്നും പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ഒതുക്കിത്തീർക്കുവാൻ അണിയറയിൽ ശ്രമം നടന്നതായി പറയുന്നു.
ഇതോടെ ക്വട്ടേഷൻ
സംഘത്തിനെതിരെയും അന്വേഷണം ഉണ്ടാകില്ല. ക്വട്ടേഷൻ സംഘത്തിനു പിന്നിൽ വെട്ടൂർ സ്വദേശിയായ മദ്യ വ്യവസായി ആണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
തട്ടിക്കൊണ്ടുപോകലിനു പിന്നിൽകുടുംബപ്രശ്നം ആണെന്നും ഇത് പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്നും വന്നതോടെ കേസ് എങ്ങനെയും ഒതുക്കിത്തീക്കുവാൻ വ്യവസായി ശ്രമിക്കുകയാണ് എന്നാണ് വിവരം. എന്നാൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. നാട്ടിൽ ഇത്തരം തട്ടിക്കൊണ്ടുപോകൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ഇത്തരം ക്വട്ടേഷൻ സംഘങ്ങളെയും അവരെ നിയോഗിച്ചവരെയും വെറുതെവിട്ടാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വെട്ടൂർ ചാങ്ങയിൽ അജേഷ് കുമാറിനെ യാണ് ഒരു സംഘം ആളുകൾ ഇന്നോവ കാറിൽ തട്ടികൊണ്ടുപോയത്. കെഎൽ 11 – ബിറ്റി / 7657 എന്ന നമ്പറിൽ ഉള്ള ഇന്നോവ കാറിൽ എത്തിയ സംഘമാണ് വീട്ടിൽ നിന്നും അജേഷിനെ തട്ടിക്കൊണ്ടുപോയത്. മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു
വരികയായിരുന്നു. കാറിന്റെ ഉടമ വി കെ മുഹമ്മദ് ആഷിക് ആണെന്ന് പോലീസ് ഇന്നലെത്തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തലയോലപ്പറമ്പിനു സമീപം അജേഷിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം രക്ഷപെട്ടു. അജേഷ് ഇപ്പോൾ പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിൽ ആണ്.