പത്തനംതിട്ട : ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ ശുചിത്വ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ വാര്‍ഡ് 29 ലെ ആശാരിപറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശുദ്ധമായ വായുവും ജലവും ലഭിക്കുന്ന പത്തനംതിട്ട ജില്ലയെ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ശുചിത്വ ജില്ലയായി മാറ്റുന്നതിനായാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ മറ്റൊരു മികച്ച മാതൃക തീര്‍ക്കുന്നതിന് ജില്ലയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ സഹായത്തോടെ നടത്തുന്ന ശുചിത്വ സര്‍വേയുടെ ക്യൂ ആര് കോഡ് നന്നുവക്കാട് ആശാരിപറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ മന്ത്രി പതിപ്പിച്ചു.
സമ്പൂര്‍ണ ശുചിത്വം ലക്ഷ്യം വച്ച് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിനായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും നിലവിലെ ശുചിത്വ സ്ഥിതി കണ്ടെത്തുന്നതിനായി ഓരോ വീടുകളിലും സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കും. മൂന്ന് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ചായിരിക്കും പ്രവര്‍ത്തകര്‍ ശുചിത്വ റിപ്പോര്‍ട്ട് തയാറാക്കുക. പോരായ്മകള്‍ കണ്ടെത്തി ഘട്ടംഘട്ടമായി ശുചിത്വ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവ-അജൈവ ഉള്‍പ്പെടെയുള്ള ഖര-ദ്രവ മാലിന്യങ്ങളുടെ ഉത്പാദനം, സംസ്കരണ സംവിധാനം, മാലിന്യ കൂമ്പാരങ്ങള്‍ തുടങ്ങിയവയും ഓരോ ദിവസവും ശേഖരിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും പരിചരണരീതികളും തിട്ടപ്പെടുത്താന്‍ പ്രത്യേക പരിശീലനം നേടിയ വോളന്റിയര്‍മാര്‍ സ്മാര്‍ട്ട്ഫോണ്‍ വഴിയാണ് ശുചിത്വ സര്‍വേ നടത്തുന്നത്.
ശുചിത്വ സര്‍വേയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ജില്ലയില്‍ ഉടനീളം പ്രചാരണം നടത്തുന്ന ലഘുലേഖയുടെ പ്രകാശനം പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് ആര്. അജിത് കുമാര്‍, പത്തനംതിട്ട നഗരസഭാ വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്. അജിത് കുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, നഗരസഭാ സെക്രട്ടറി ഷെര്‍ലാബീഗം, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ നാന്‍സി റഹ്മാന്, നവകേരള കര്‍മസമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. അനില്‍കുമാര്‍, കെല്‍ട്രോണ്‍ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.