പത്തനംതിട്ട : പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക. സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക. വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് 2022 ഡിസംബർ 20-ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുംആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തുന്നു. മാർച്ചും ധർണ്ണയും വിജയിപ്പി ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് ജില്ലാ കൺവൻഷൻ പത്തനംതിട്ട അബാൻ ആഡിറ്റോറിയത്തിൽ ചേർന്നു. കൺവൻഷൻ എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ പി. കെ. പ്രസന്നൻ അധ്യക്ഷനായിരുന്നു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. സതികുമാർ, റെയ്സൺ സാം രാജു, അജി എസ് കുമാർ, കെ. ജി. ഗീതാമണി എന്നിവർ സംസാരിച്ചു. ആക്ഷൻ കൌൺസിൽ ജില്ലാ കൺവീനർ ഡി. സുഗതൻ സ്വാഗതവും സുമേഷ് സി. വാസുദേവൻ നന്ദിയും പറഞ്ഞു.