റാന്നി: നിരോധിത ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് തുടരുന്നതിനിടെ ഇന്ന് റാന്നി മന്ദമരുതിയിലെ ഒരു കടയിൽ നിന്നും എഴുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന കടയുടമയെ അറസ്റ്റ് ചെയ്തു. ‘യോദ്ധാവ് ‘ കാംപയിനുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘവും റാന്നി പോലീസും ചേർന്ന് ഇവ പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പോലീസ് നടപടി. റാന്നി മന്ദമരുതിയിൽ മലനാട് സ്റ്റോർസ് എന്ന സ്റ്റേഷനറി കട നടത്തുന്ന മക്കപ്പുഴ പുത്തൻപുരക്കൽ വീട്ടിൽ ജോസഫിന്റെ മകൻ തോമസ് പി ജെ (62) ആണ് അറസ്റ്റിലായത്. കടയിൽ വില്പനയ്ക്ക് സൂക്ഷിച്ച 700 ഓളം പാക്കറ്റുകൾ പിടിച്ചെടുത്തു. ഒരു പായ്ക്കറ്റിന് 50 രൂപ നിരക്കിലാണ് വിറ്റുകൊണ്ടിരുന്നത്. സ്റ്റേഷനറി കടയുടെ മറവിൽ വൻ തോതിൽ ഇത്തരം ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്തിവരികയായയിരുന്നു ഇയാൾ. ഇത് സംബന്ധിച്ച പരാതി നിലവിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും വ്യാപകമായി വിറ്റുവരികയായിരുന്നു. ഇയാളെ നേരത്തെയും സമാന കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇയാളുടെ കച്ചവടസ്ഥാപനം നിർത്തലാക്കുന്നതിന് വേണ്ട നടപടി പോലീസ് കൈകൊള്ളുന്നുണ്ട്. ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവ് ജില്ലയിൽ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജി കുമാർ, സി പി ഓമാരായ ശ്രീരാജ്, അഖിൽ, ബിനു, സുജിത്, റാന്നി പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ ബിജു മാത്യു, സി പി ഓമാരായ വിനീത്, രഞ്ജു എന്നിവരുമടങ്ങിയ സംഘമാണ് പരിശോധന നടത്തി നടപടികൾ സ്വീകരിച്ചത്.