സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് ക്രമീകരണമായി : സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്

പത്തനംതിട്ട : സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കോവിഡിന് ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ വന്‍ജന സാന്നിധ്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറ് ഘട്ടം വരുന്ന സുരക്ഷാ പദ്ധതിയാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ പോലീസിനെ വിന്യസിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകള്‍ സുരക്ഷയൊരുക്കും. വാഹന തിരക്ക് നിരീക്ഷിക്കുന്നതിന് ജില്ലാ അതിര്‍ത്തിയില്‍ സിസിറ്റിവി കാമറകള്‍ ഉണ്ടാകും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡിആര്‍എഫ്, ആര്‍എ എഫ് ടീമിനെ വിന്യസിക്കും. പ്രധാന സ്ഥലങ്ങളില്‍ കേരള പോലീസിന്റെ കമാന്‍ഡോകളെ വിന്യസിക്കും. നിരീക്ഷണത്തിനായി നേവിയോടും എയര്‍ഫോഴ്‌സിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ തീര്‍ഥാടനത്തിനായി ഡ്രോണ്‍ സേവനം ഉപയോഗിക്കും.
പ്രധാന വാഹന പാര്‍ക്കിംഗ് ഏരിയ നിലയ്ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. 15 തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍ പമ്പയില്‍ ഇവരെ ഇറക്കി തിരിച്ചു പോകണം.
കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് നടത്തും. ഇടത്താവളങ്ങളില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്റലിജന്‍സ്, ഷാഡോ പോലീസ്, ക്രൈം നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരുടെ കണക്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മറ്റ് സംസ്ഥാന പോലീസ് മേധാവികളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്നതിനും പ്രശ്‌നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പോലീസുകാരെ നിയോഗിക്കും. മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടന ദിവസങ്ങളില്‍ മുഴുവന്‍ സമയവും പോലീസ് സേനയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പത്തനംതിട്ട കെഎസ്ആര്‍ടിസി എയ്ഡ് പോസ്റ്റില്‍ പോലീസിനെ നിയോഗിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം മുഖേന തീര്‍ഥാടകരുടെ കണക്ക് ലഭ്യമാകുന്നതിനാല്‍ തിരക്ക് മൂലമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ പോലീസ് സേനയെ ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
ക്രമസമാധാനവിഭാഗം എഡിജിപി എം.ആര്‍. അജിത്കുമാര്‍, സൗത്ത് സോണ്‍ ഐജി പി. പ്രകാശ്, തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍.നിശാന്തിനി, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.