മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നവംബര്‍ 16ന് വൈകുന്നേരം തുറക്കും: വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം

പത്തനംതിട്ട : ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും 16ന് വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ച് മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയെ കലശാഭിഷേകം നടത്തി അവരോധിക്കും.

Advertisements

വൃശ്ചികം ഒന്നായ നവംബര്‍ 17ന് പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മ്മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി 16ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.