അടൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ അടൂർ പോലീസ് കാപ്പാ നിയമപ്രകാരം ജയിലിലടച്ചു. പറക്കോട് മറ്റത്ത് കിക്കേതിൽ വീട്ടിൽ ഷാമോൻ എന്നു വിളിക്കുന്ന തൗഫീഖി (32) നെയാണ് കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ, പന്തളം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില കഞ്ചാവ് ഉല്പന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് തൗഫീഖ്. കഴിഞ്ഞ ഏപ്രിലിൽ പന്തളം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മൂന്ന് മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. തുടർന്നാണ് ഇയാൾ ജില്ലാ കലക്‌ടറുടെ ഗുണ്ടാ നിയമ പ്രകാരമുള്ള നടപടികൾക്ക് വിധേയനായത്. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്കൊപ്പം കൂട്ടുപ്രതികളായിട്ടുള്ള പറക്കോട് സ്വദേശികളായ അജ്‌മൽ, നിർമൽ ജനാർദ്ദനൻ, ഇജാസ് റഷീദ് എന്നിവരെ കാപ്പാ നിയമ പ്രകാരം തടങ്കലിലാക്കിയിട്ട് ദിവസങ്ങളെ ആകുന്നുള്ളു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, എസ് ഐമാരായ വിപിൻ കുമാർ, ധന്യ.കെ.എസ്സ്, സി പി ഓമാരായ സൂരജ്.ആർ.കുറുപ്പ്, പ്രവീൺ.റ്റി, അരുൺ ലാൽ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ആറ് പേർക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഒരാളെ നാടു കടത്തിയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.