കൊച്ചി :ട്രായുടെ പുതിയ താരിഫ് ഓർഡറിൻ്റെ ചുവടു പിടിച്ച് പ്രമുഖ ബ്രോഡ്കാസ്റ്റർമാർ പേ ചാനൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചതും കരാറിൽ എത്താത്തവരുടെ നെറ്റ് വർക്കിലെ പേ ചാനലുകൾ സ്വിച്ച് ഓഫ് ചെയ്തതും ജനങ്ങളുടെ മേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും ട്രായുടെ ഓർഡറിൻ്റെ മറവിൽ ബ്രോഡ്കാസ്റ്റർമാരു നടത്തുന്ന വലിയ യുദ്ധ പ്രഖ്യാപനമാണെന്നും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ.
വെറുമൊരു ഇമെയിൽ സന്ദേശം അയച്ച് 48 മണിക്കൂറിനുള്ളിൽ ഡിസ്നി സ്റ്റാർ, സി ടിവി,സോണി ഉൾപ്പെടെയുള്ള പ്രമുഖ ബ്രോഡ്കാസ്റ്റർമാർ പേ ചാനലുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളവിഷൻ, എസിവി, ഡെൻ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും പേ ചാനലുകൾ സ്വിച്ച് ഓഫ് ആയിരിക്കുകയാണ്. കേരളത്തിലെ ഏതാണ്ട് 35 ലക്ഷത്തിലധികം ഭവനങ്ങളിൽ പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ പേ ചാനലുകൾ ഇന്ന് ലഭിക്കുന്നില്ല.
ട്രായ് പുതിയ ഓർഡർ അനുസരിച്ച് പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ രണ്ടാം നിര ചാനലുകൾക്ക് പോലും വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ശരാശരി 30% വർദ്ധനവ്.
ഏഷ്യാനെറ്റ് ചാനലുകൾ ഉൾപെടുന്ന സ്റ്റാറിന്റെ പ്രാഥമിക പാക്കേജിന് മുൻപുണ്ടായിരുന്നത് 39 രൂപയാണെങ്കിൽ ഇപ്പോഴത് 54 രൂപയായിരിക്കുന്നു. ഇത്തരത്തിൽ ബൊക്കെ പാക്കേജുകൾക്ക് വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. അലാകാർട്ട വില 10 പൈസ ഉണ്ടായിരുന്ന മലയാളം ഉൾപ്പെടെയുള്ള ചാനലുകൾക്ക് 10 രൂപ ആക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള പുതുക്കിയ നിരക്ക് നിലവിൽ വരുന്നതോടെ കേബിൾ വരിക്കാരുടെ മേൽ അമിത സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കപ്പെടുക.
ഇതിനെതിരെ ശക്തമായ പ്രതിഷേധം കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉയർത്തിയിട്ടുണ്ട്.
ട്രായ് ഇതിനുമുമ്പ് താരിഫ് ഓർഡർ പ്രഖ്യാപിച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ ചാനലുകൾ കാണാനും വരിസംഖ്യ നിരക്കിൽ കുറവ് ഉണ്ടാകുമെന്നും അവകാശവാദം ഉന്നയിച്ചാണ്. എന്നാൽ താരിഫ് ഓർഡർ നിലവിൽ വന്ന 2019 ഫെബ്രുവരിക്ക് മുമ്പ് 200 രൂപയാണ് കേബിൾ വരിസംഖ്യ ആയിരുന്നതെങ്കിൽ ഫെബ്രുവരിക്ക് ശേഷം അത് 230-240 രൂപ എന്നതിലേക്ക് വർദ്ധിക്കുകയായിരുന്നു. അതോടൊപ്പം ചാനലുകളുടെ എണ്ണവും കുറഞ്ഞു.
ആഗ്രഹമുള്ള ഒന്നോ രണ്ടോ പേ ചാനൽ കൂടി അലാകാട്ടയായി എടുത്താൽ വരിസംഖ്യ 300 നു മുകളിൽ എത്തുമായിരുന്നു. ട്രായ് പുതിയ താരിഫ് ഓർഡർ (NTO.3) ഇപ്പോൾ പുറത്തിറക്കിയപ്പോൾ രണ്ടാംനിര ചാനലുകൾക്ക് പോലും കുത്തനെയുള്ള വർദ്ധനവാണ് ബ്രോഡ്കാസ്റ്റർമാർ വരുത്തിയിരിക്കുന്നത്.
കേരള വിഷൻ, എസിവി, ഡെൻ ഉൾപ്പെടെയുള്ള എംഎസ്ഒകൾ എഐഡിഎസ്എഫ് എന്ന സംഘടനയുടെ കീഴിൽ നിന്ന് ട്രായുമായി കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുമ്പ് ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. കേരള വിഷൻ ഡിജിറ്റൽ ടിവിക്ക് നേതൃത്വം നൽകുന്ന കെസിസിഎൽ നേരിട്ട് തന്നെ ബ്രോഡ്കാസ്റ്റർമാരുമായും ചർച്ചകൾ നടത്തിയിരുന്നു.
കേബിൾ വരിക്കാരായ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനായി, അവർക്ക് അമിത സാമ്പത്തികഭാരം വരാതിരിക്കാനായി ട്രായ് പുതിയ താരിഫ് ഓർഡർ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ കെസിസിഎൽ കേസും നൽകിയിട്ടുണ്ട്. ഫെബ്രുവരി എട്ടിന് പരിഗണിക്കാനിരുന്ന കേസ് 22 ലേക്ക് മാറ്റിയിരിക്കുകയാണ്. ഫെബ്രുവരി 21ന് ഈ വിഷയത്തിൽ അടിയന്തരശ്രദ്ധ വേണമെന്ന് ഹൈക്കോടതിയിൽ അറിയിക്കാനും തീരുമാനിച്ചിട്ടുള്ളതായി കെ.വി രാജൻ പറഞ്ഞു.