കണ്ണൂര്‍: പയ്യന്നൂരില്‍ കഴിഞ്ഞ ദിവസങ്ങളായി കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.അതിനിടെ, ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരു സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കിലോമീറ്റര്‍ മാറിയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം. വീട്ടില്‍വെച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വിനോദയാത്രയിലായിരുന്നു. ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ചാണ് കുടുംബം പോയത്. വീട്ടില്‍ വളര്‍ത്തുനായയുള്ളതിനാല്‍ ഇതിനെനോക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് ലഭ്യമായിരുന്നില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.