ആലപ്പുഴ : പി.സി ജോർജിന്റെ പരാമർശങ്ങളില്‍ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ പരാതിയറിയിക്കും.ദില്ലിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നല്‍കാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ വെള്ളാപ്പള്ളിക്കും, വെള്ളാപ്പള്ളി നടേശനും എതിരായ പിസി ജോർജിന്റെ പരാമർശങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബിഡിജെഎസ് നിലപാട്.
കേരളത്തില്‍ നാല് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാനാണ് നിലവില്‍ എൻഡിഎയിലെ ധാരണ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകില്ല. സഖ്യ കക്ഷികളുമായി ചർച്ച പൂർത്തിയാക്കി പ്രഖ്യാപനം പൂർത്തിയാക്കാനാണ് ബിജെപി നീക്കം. വിവിധ സംസ്ഥാന ഘടകങ്ങളുമായി കേന്ദ്ര നേതൃത്ത്വത്തിന്റെ ചർച്ചകള്‍ ഇന്നും തുടരും. 348 മണ്ഡലങ്ങളിലാണ് ഇനി എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇന്നലെ 195 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.