മുൻ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കിസാൻ മിത്രയുടെ പേരിൽ തട്ടിപ്പ്; കമ്പനി സി.ഇ.ഒ വയനാട്ടിൽ അറസ്റ്റിൽ ; കിസാൻ മിത്ര എം ഡി കൂടിയായ ഡിജോ കാപ്പനെതിരെയും കേസ്

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ കാർഷിക പദ്ധതിയെന്ന പേരിൽ മുൻ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കമ്പനിയുടെ പേരിൽ വൻ തട്ടിപ്പ്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. പി.ടി ചാക്കോ മെമ്മോറിയൽ കിസാൻ മിത്ര കമ്പനി കേന്ദ്ര സർക്കാരിന്റെ കാർഷിക പദ്ധതിയാണെന്ന പേരിൽ തട്ടിപ്പ് നടത്തിയാണ് നിക്ഷേപങ്ങൾ ആകർഷിച്ചിരുന്നതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശേരിൽ കാഞ്ഞിരത്തിങ്കൽ മനോജ് ചെറിയാനെ(46) കേണിച്ചിറ പൊലീസാണ് അറസ്റ്റ് ചെയ്തത്. കമ്പനി എംഡി കൂടിയായ ഡിജോ കാപ്പനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിനെതിരെ ഇദേഹം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.

Advertisements

മലബാറിലും വിവിധ ഭാഗങ്ങളിലും സഞ്ചരിച്ച് ഇയാൾ വൻ തുക ഓഹരിയായി ശേഖരിച്ച ശേഷം നിക്ഷേപകരെ കബളിപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നു നിക്ഷേപകർ നൽകിയ പരാതിയിൽ കേണച്ചിറ, മീനങ്ങാടി, അമ്പലവയൽ, തലപ്പുഴ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. ജില്ലയ്ക്കു പുറത്തും ഇയാൾക്കെതിരെ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർഷകരെയും, ഫീൽഡ് വർക്ക് നടത്തിയ ജീവനക്കാരെയും കമ്പനി ഒരു പോലെ വഞ്ചിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചു പണം നഷ്ടമായവർ ആദ്യം തന്നെ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ജില്ലയിൽ ആയിരത്തിലധികം ആളുകൾക്ക് പണം നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികൾ രൂപീകരിച്ച ശേഷം കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് ആയിരം രൂപയുടെ ഓഹരികളാണ് ഇയാൾ സ്വന്തമാക്കിയിരുന്നത്. കിസാൻ മിത്ര എന്നത് കേന്ദ്ര സർക്കാർ പദ്ധതിയാണെന്നും, കേന്ദ്ര സർക്കാരിന്റെയും നബാർഡിന്റെയും സഹായത്തോടെയാണ് പദ്ധതി നടക്കുന്നതെന്നും തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പ് നടന്ന എല്ലാ സ്ഥലങ്ങളിലും ഡിജോ കാപ്പൻ നേരിട്ടെത്തി കർഷകരിൽ നിന്നും പിരിവ് നടത്തി. സാമൂഹിക പ്രവർത്തക ദയാബായി ഭാരവാഹിയാണ് എന്ന് തെറ്റിധരിപ്പിച്ചും ഇവർ കർഷകരിൽ നിന്നും പണം പിരിച്ചതായി പരാതി ഉണ്ട്. കർഷകർ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണ് എന്ന് തിരിച്ചറിഞ്ഞത്. എന്നാൽ , ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും കമ്പനി ആക്ട് പ്രകാരമാണ് നടപടി എടുക്കേണ്ടത് എന്നും എം.ഡി ഡിജോ കാപ്പൻ അറിയിച്ചു.

Hot Topics

Related Articles