കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ ഒളിവിൽ പോയ പി.സി ജോർജ് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പി.സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. വെണ്ണലയിലെ സമ്മേളനത്തിൽ മതവിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയതിന്റെ പേരിൽ ഒളിവിൽ പോയ പി.സി ജോർജ് നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഈ കേസിൽ ഉപാധികളോടെ ജോർജിനു കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. ഇത്തരത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്ന ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും. എന്നാൽ, ജോർജിനെ റിമാൻഡ് ചെയ്യുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഇതിനിടെ തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തിൽ വർഗീയ പരാമർശം നടത്തിയ ജോർജിനെ ജാമ്യത്തിൽ വിട്ടതിനെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോർജിന്റെ സ്ഥിതി പരുങ്ങലിലായതായും സൂചനയുണ്ട്.