തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തതിനെ തുടർന്നു മുൻ എം.എൽ.എ പി.സി ജോർജിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജോർജിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ വർഗീയ പ്രസംഗം നടത്തിയതിന്റെ പേരിലാണ് ജോർജിനെതിരെ കേസെടുത്തത്. ഈ കേസിൽ നേരത്തെ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വർഗീയ പരാമർശം ആവർത്തിക്കരുത്, കുറ്റകൃത്യം തുടരരുത് തുടങ്ങിയ നിർദേശങ്ങളോടെയാണ് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഈ കുറ്റകൃത്യം ആവർത്തിച്ചിരുന്ന സാഹചര്യത്തിലാണ് കോടതി ജോർജിന്റെ ജാമ്യം റദ്ദാക്കിയത്. ഇതേ തുടർന്നാണ് ഇപ്പോൾ ജോർജിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
കേസിൽ പ്രോസിക്യൂഷൻ ജോർജിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് മജിസ്‌ട്രേറ്റിനു മുന്നിൽ അപേക്ഷ നൽകിയിട്ടുണ്ട്. പൂജപ്പുര ജില്ലാ ജയിലിലേയ്ക്കാണ് ജോർജിനെ ഇപ്പോൾ കൊണ്ടു പോകുന്നത്. വഞ്ചിയൂർ കോടതിയിൽ നിന്നാണ് ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു കൊണ്ടു പോകുന്നത്. ഇതിനോടൊപ്പം തന്നെ പ്രൊഡക്ഷൻ വാറണ്ടും കോടതി നൽകിയിട്ടുണ്ട്. അടുത്ത 30 ന് ജോർജിന്റെ കസ്റ്റഡി അപേക്ഷ പൊലീസ് പരിഗണിക്കുമെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.