കൊച്ചി : വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ഹൈക്കോടതി വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. പിസിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്. ജാമ്യവ്യവസ്ഥകളില്‍ ഒന്ന് ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു. അതിന് പിന്നാലെയാണ് പിസി ജോര്‍ജ് വെണ്ണലയിലെ പ്രസംഗത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുന്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി.സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നും ഹര്‍ജിയില്‍ പിസി ജോര്‍ജ് പറഞ്ഞിരുന്നു.പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ കീഴടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, പി.സി ജോര്‍ജിന് വേണ്ടി വീട്ടിലും മറ്റും തെരഞ്ഞുവെങ്കിലും കണ്ടെത്താല്‍ സാധിച്ചിട്ടില്ലെന്ന് സി എച്ച് നാഗ രാജു പറഞ്ഞു. പി.സി ജോര്‍ജ് ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിസി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പിസി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില്‍ പിസിയെക്കാള്‍ മ്‌ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. പിസി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.