കൊച്ചി പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്സിനെ പിടികൂടി. തിരുവനന്തപുരം പാറശാല സ്വദേശി റംഷാദിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കലൂർ കറുകപ്പിള്ളിയിലെ വീട്ടിൽനിന്ന് 37 ഗ്രാം ആഭരണങ്ങളും 7500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച സ്വർണവും പണവും മോഷണം പോയതായി ഇന്നലെയാണ് വീട്ടുകാരുടെ അറിയുന്നത്. തുടർന്ന് മഅ്ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സായ റംഷാദിനെ കസ്റ്റഡിയിലെടുത്ത്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാൾ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റംഷാദിനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.