കണ്ണൂർ : വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവ്വീസുകള്‍ക്ക് ഭീഷണിയായി മയില്‍ക്കൂട്ടം. വിമാനങ്ങള്‍ റണ്‍വേയില്‍ ഇറങ്ങുമ്ബോഴും പറന്നുയരുമ്ബോഴും കൂട്ടത്തോടെ എത്തുകയാണ് മയിലുകള്‍. ഷെഡ്യൂള്‍ ഒന്നില്‍പെട്ടതും ദേശീയ പക്ഷിയുമായതിനാല്‍ ഇവയെ പിടികൂടി മാറ്റണമെങ്കില്‍ ചീഫ് വൈല്‍ഡ്ലൈഫ് വാർഡന്റെ പ്രത്യേക അനുമതി വേണം. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതല യോഗം ചേരും.
മട്ടന്നൂർ മൂർഖൻ പറമ്ബിലെ കുന്നിൻ മുകളില്‍ നിർമ്മിച്ച വിമാനത്താവള പ്രദേശം കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും കേന്ദ്രമായിരുന്നു. വിമാനത്താവളം ആരംഭിച്ചപ്പോള്‍ പന്നികളും കുറുക്കനുമായിരുന്നു പ്രശ്നക്കാർ. ഇപ്പോള്‍ പ്രതിസന്ധി മയിലുകളാണ്. പക്ഷികളെ ഓടിക്കാൻ പ്രത്യേക ജീവനക്കാർ ഉണ്ടെങ്കിലും മയിലുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇവർ നിസഹായരായി. എങ്ങനെ മയിലുകളെ തുരത്തുമെന്നത് വിമാനത്താവളം അധികൃതർക്ക് തലവേദനയായി. പ്രത്യേക കൂടുകള്‍ സ്ഥാപിച്ച് മയിലുകളെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുറുനരി, കുറുക്കൻ തുടങ്ങിയവയുടെ ആവാസ കേന്ദ്രങ്ങള്‍ നശിപ്പിച്ചതാണ് മയിലുകളുടെ എണ്ണം കൂടാൻ കാരണമായതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ രാവിലെ പത്തിന് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി എ.കെ. ശശീന്ദ്രനെ കൂടാതെ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.