പഹൽ​ഗാം ഭീകരാക്രമണം: പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് സസ്പെൻഡ് ചെയ്തു

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്പെൻഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകൾ ഞായറാഴ്ച റദ്ദാക്കും. മെഡിക്കൽ വിസകൾ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാൻ പൗരൻമാർ ഇന്ത്യ വിടണമെന്നും ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് മടങ്ങണമെന്നും നിർദ്ദേശം നല്‍കി. 

Advertisements

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. പാകിസ്ഥാൻ പൗരൻമാർക്ക് വിസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉ റപ്പാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷം ആയിരുന്നു മോദിയുടെ ശക്തമായ പ്രതികരണം.

Hot Topics

Related Articles