ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരാക്രമണത്തെ അപലപിച്ച കേന്ദ്രമന്ത്രി, ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതികരിച്ചു. ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സൈനിക വിഭാഗം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
ഇന്ത്യന്‍ മണ്ണില്‍ ഇത്തരം നീചപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഗൂഢാലോചന നടത്തിയവരേയും ഭീകരവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്നവരേയും പിടികൂടും. രാജ്യം ഒറ്റക്കെട്ടായി പോരാടും. നഷ്ടപ്പെട്ടത് നിരവധി നിരപരാധികളുടെ ജീവനാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യം ഭീകരാക്രമണത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. ഭീകരതയ്ക്ക് മുന്നില്‍ രാജ്യം വഴങ്ങില്ല. ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെവിടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കണമെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രംഗത്തെത്തിയിരുന്നു.
സര്‍വ്വശക്തിയുമെടുത്ത് തീവ്രവാദികളെ തുരത്തണമെന്നും രാജ്യം ഒറ്റക്കെട്ടായി കൂടെ നില്‍ക്കുമെന്നും ഖര്‍ഗെ പറഞ്ഞു. ഭീകരര്‍ക്ക് ഉചിതമായ മറുപടി നല്‍കണം. സര്‍ക്കാരിന് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുകയാണെന്നും ഖര്‍ഗെ പറഞ്ഞു.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.