തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിന് 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെൻഷൻ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.14 മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ നല്‍കുന്നത്.
സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകള്‍ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. യുജിസിയില്‍ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെൻഷൻ , ഹെല്‍ത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു.
നികുതി വിഹിതത്തില്‍ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തില്‍ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോള്‍ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ജിഎസ്‌ടി നടപ്പിലാക്കുമ്പോള്‍ നല്‍കാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിര്‍ത്തിയതും കേരളത്തിന് തിരിച്ചടിയായി. ഒപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തത് അദ്ദേഹം വിമര്‍ശിച്ചു.