കോഴിക്കോട്: പേരാമ്പ്ര സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അനുവിനെ കൊന്ന് കവർന്ന സ്വർണം വിൽക്കാൻ സഹായിച്ച ഇടനിലക്കാരനെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബൂക്കറാണ് പിടിയിലായത്. സ്വർണം കവർന്ന ശേഷം ആഭരണങ്ങൾ വിൽക്കാൻ അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. അബൂബക്കർ സ്വർണം വിൽക്കാൻ എത്തിയ ജ്വല്ലറിയിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
ഇതിനിടെ മുഖ്യപ്രതി മുജീബ് റഹ്മാനെ പേരാമ്പ്ര സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് മുജീബ്. ഇയാള്‍ മുമ്പും ബലാത്സംഗം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷണശ്രമത്തിനിടെയാണ് വാളൂര്‍ സ്വദേശി അനു(26) കൊല്ലപ്പെട്ടത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതിയെത്തിയത്. തുടര്‍ന്ന് അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്.
അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.
26 കാരിയായ അനുവിനെ മാർച്ച് 11നാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ തന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതായതോടെ നാട്ടുകാർ തിരച്ചിൽ നടത്തി. പിന്നീട് ചൊവ്വാഴ്ച തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം അർദ്ധനഗ്നമായാണ് കിടന്നിരുന്നത്. മാത്രമല്ല, മൃതദേഹത്തിലെ ആഭരണങ്ങളും കാണാതായിരുന്നു. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ, മുട്ടുവരെ മാത്രം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നതിനെ തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു.
പിന്നാലെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. ആഭരണങ്ങള്‍ നഷ്ടമായത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കാലുതെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അനുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.