2024ല്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസമാണ് ജനുവരി മൂന്ന്. പെരിഹീലിയന്‍ ദിനം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ന് ഭൂമിയും സൂര്യനും തമ്മിലുള്ള അകലം 147 മില്യണ്‍ കിലോമീറ്റര്‍ ആണ്. പെരിഹീലിയന്‍ സമയത്ത് സൂര്യപ്രകാശത്തിന് ഏകദേശം 7 ശതമാനം കൂടുതൽ തീവ്രതയുണ്ടെന്ന് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു.
ഇന്ന് രാവിലെ 6.08നാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. ഗ്രീക്കില്‍ നിന്നാണ് പെരിഹീലിയന്‍ എന്ന വാക്കുണ്ടായത്. പെരി എന്നാല്‍ അരികെ എന്നും ഹീലിയോസ് എന്നാല്‍ സൂര്യന്‍ എന്നുമാണ് അര്‍ത്ഥം. അതേസമയം ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന അവസ്ഥയ്ക്ക് അഫീലിയൻ എന്നാണ് പറയുക. പെരിഹീലിയനും അഫീലിയനും സംഭവിക്കാന്‍ കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥം ദീര്‍ഘവൃത്താകൃതിയിലാണ് എന്നതാണ്. കെപ്ലറുടെ ഗ്രഹ ചലന നിയമങ്ങൾ ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരിഹീലിയന്‍ എല്ലാ വർഷവും ഒരേ ദിവസമല്ല സംഭവിക്കുന്നത്. രണ്ട് വര്‍ഷങ്ങളിലെ പെരിഹീലിയന് ദിനം തമ്മില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ഉണ്ടാവാറുണ്ട്. അഫീലിയന്‍ പൊതുവെ ജൂലൈ ആദ്യ വാരമാണ് സംഭവിക്കാറുള്ളത്. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന സങ്കീർണമായ പ്രകൃതിദത്ത സംവിധാനങ്ങളുടെ ഭാഗമാണ് പെരിഹീലിയനും അഫീലിയനും.