“തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചു പൊറുപ്പിക്കില്ല”; പേരൂർക്കട വ്യാജ മോഷണക്കുറ്റ സംഭവത്തിൽ പ്രതികരിച്ച് എം. വി ​ഗോവിന്ദൻ

തിരുവനന്തപുരം: തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പേരൂർക്കടയിൽ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിലായിരുന്നു എംവി ​ഗോവിന്ദൻ്റെ പ്രതികരണം. അത്തരക്കാർക്ക് എതിരെ പാർട്ടിയും സർക്കാരും കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷം ആയുധമാക്കുന്നത് സ്വാഭാവികമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

Advertisements

അതേസമയം, ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ, പേരൂർക്കട സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത സ്ത്രീയോട് ഏതെല്ലാം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയെന്ന് പരിശോധിക്കും. വെള്ളം ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽ പോകാൻ പൊലീസുകാർ പറഞ്ഞുവെന്ന ബിന്ദുവിന്റെ ആരോപണവും അന്വേഷിക്കും. നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തൽ. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന് പരാതി നല്‍കിയത്. 

സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍ നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞു വിടുകയായിരുന്നു.  

സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ സർക്കാർ നടപടിയെടുത്തു. പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. 

Hot Topics

Related Articles