മുണ്ടക്കയം : പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കെ.എസ്.ആർ.ടി.സി. ബസിന് മുൻപിലേക്ക് കടുവ ചാടി. കുമളി-തിരുവനന്തപുരം ബസിന് മുൻപിലാണ് കടുവയെ കണ്ടത്. തുടർന്ന് രാവിലെ ആറോടെ തോട്ടാപ്പുരയിലും കടുവയെ കണ്ടു. പ്രഭാത സവാരിക്കിടെ നാട്ടുകാരനായ പ്രദീപാണ് കടുവയെ നേരിൽ കണ്ടത്.
വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉറച്ച മണ്ണായതിനാൽ കാൽപ്പാട് കണ്ടെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് തോട്ടാപ്പുര. നിരവധി കുടുംബങ്ങൾ പാർക്കുന്ന മേഖലയും പീരുമേട് പഞ്ചായത്തിലെ ആദിവാസിമേഖലയായ പ്ലാക്കത്തടത്തിലേക്കുള്ള വഴിയുമാണിത്. പരിസരപ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരുന്നു. കടുവയെ ഇവിടെ കാണുന്നത് ആദ്യമാണ്. മാസങ്ങൾക്ക് മുൻപ് പ്ലാക്കത്തടത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ഒരു വീട്ടിലെ നായയെ കടുവ പിടിച്ചതായും പരാതിയുണ്ടായിരുന്നു. അന്നും വനപാലകർ പരിശോധന നടത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം.