ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്
കോട്ടയം: ഇന്ധനവിലയിൽ പത്തു ദിവസം കൊണ്ടുണ്ടായ വർദ്ധനവിൽ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു ചിലവ് വർദ്ധിച്ചത് പത്തുലക്ഷത്തോളം രൂപ. ഒരു ദിവസം ഒരു ലക്ഷംരൂപയുടെ വരെ വർദ്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ പ്രതിസന്ധിയിലായ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിലകൂടതൽ പരുങ്ങലിലാക്കുന്നതായി ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തുരൂപയിലധികമാണ് ഡീസൽ വിലയിൽ വർദ്ധിച്ചത്. ഒരു രൂപ ഡീസലിനു വർദ്ധിക്കുമ്പോൾ ഒരു ദിവസം മാത്രം പതിനായിരം രൂപയാണ് ചിലവിനത്തിൽ വർദ്ധിക്കുന്നത്. ഈ കണക്ക് അനുസരിച്ചു നോക്കുമ്പോൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തുലക്ഷംരൂപയാണ് ഇന്ധനചിലവ് ഇനത്തിൽ മാത്രം കെ.എസ്.ആർ.ടി.സിയ്ക്കു വർദ്ധിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഡിപ്പോയിലെ അൻപതിലധികം ബസുകൾ കൂടാതെ മല്ലപ്പള്ളിയിലെ 14 വണ്ടികളും, കൂത്താട്ടുകുളത്തെ പത്ത് വണ്ടികളും, പിറവത്തെ ആറു വണ്ടികളും, നെടുങ്കണ്ടത്തെ അഞ്ചു വണ്ടികളും, എരുമേലിയിലെ രണ്ടോ മൂന്നോ വണ്ടികളുമാണ് ഇപ്പോൾ കോട്ടയം ഡിപ്പോയിൽ നിന്നും ഇന്ധനം നിറയ്ക്കുന്നത്. ശരാശരി ഒരു ദിവസം 8500 മുതൽ പതിനായിരം ലീറ്റർ വരെ ഡീസലാണ് കോട്ടയം ഡിപ്പോയിലെ പമ്പിൽ നിന്നു മാത്രം ചിലവാകുന്നത്.
കോട്ടയം ഡിപ്പോയിലെ വാഹനങ്ങൾ മാത്രം ഒരു ദിവസം ശരാശരി 25000 കിലോമീറ്ററിലധികം സർവീസും നടത്തുന്നുണ്ട്. നാലു ലക്ഷം ലീറ്ററാണ് കോട്ടയം ഡിപ്പോയുടെ ഡീസൽ സംഭരണ ശേഷി. ഇത്തരത്തിൽ മുന്നോട്ടു പോയാൽ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയുണ്ടാകും. ഇത് ഡിപ്പോയെയും ജീവനക്കാരെയും ഗുരുതരമായി ബാധിക്കും.