കൊച്ചി : ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. ഇന്ധന നികുതിയിൽ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എൻ ബാലഗോപാൽ പുറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിടാൻ തയ്യാറാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതി മൂന്ന് രൂപയിൽ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയർത്തിയത്. ഇതിൽ നിന്നാണ് എട്ട് രൂപ കുറച്ചത്. കേരളത്തിൽ ഇന്ധന നികുതി എൽഡിഎഫ് സർക്കാർ കൂട്ടിയിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സഹായം കൂടിയേ തീരൂ എന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.