ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വെട്ടിയിട്ട വാഴത്തണ്ടിന്റെ അവസ്ഥയിലാണ്. എണ്ണ ഉത്പാദക രാജ്യങ്ങൾ ഒന്നിച്ചു നിന്നിട്ടും വില പിടിച്ചുനിർത്താൻ സാധിക്കുന്നില്ല. രാജ്യാന്തര എണ്ണവിലയിൽ നാടകീയ ഇറക്കത്തിലും നേട്ടം കൊയ്യാനാകാത്ത അവസ്ഥയിൽ ഇന്ത്യയും. ക്രൂഡ്ഓയിൽ വില ബാരലിന് 70 ഡോളറിന് താഴെയാകാനുള്ള സാധ്യതകൾ നിലനിൽക്കുമ്ബോൾ എണ്ണവിപണിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഡിസംബർ വരെ ഉത്പാദനം വർധിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഡിമാൻഡ് താഴ്ന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ തീരുമാനം. എന്നാൽ എണ്ണവില കൂടിയില്ലെന്ന് മാത്രമല്ല കൂടുതൽ താഴേക്ക് പതിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ഒപെക് ഇതര ഉത്പാദക രാജ്യങ്ങൾ വിപണിയിലേക്ക് ഒഴുക്കുന്ന എണ്ണയുടെ അളവ് കൂട്ടിയതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൈന ഇനി പഴയപോലെയാകില്ല?
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയിൽ നിന്നുള്ള ഡിമാൻഡിൽ കാര്യമായ വർധനയില്ലാത്തതാണ് എല്ലാത്തിന്റെയും കാതലായ പ്രശ്നം. ചൈനയിൽ ഡിമാൻഡ് ഉയരാത്തത് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ വിപണിയിൽ കുമിഞ്ഞു കൂടുന്നതിന് ഇടയാക്കുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐ.ഇ.എ) കണക്കുകൂട്ടൽ.
ചൈനീസ് സമ്ബദ്വ്യവസ്ഥ മാന്ദ്യത്തിലായതിനാലാണ് എണ്ണ ഉപഭോഗം കുറഞ്ഞതെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഐ.ഇ.എയുടെ നിഗമനങ്ങൾ. ചൈനയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹൈ സ്പീഡ് റെയിലും ഗ്യാസ് ഇന്ധനം ഉപയോഗിച്ചുള്ള ട്രക്കുകളും ചൈനയുടെ നിത്യജീവിതത്തിലേക്ക് കൂടുതൽ ഇഴുകിചേർന്നിരിക്കുന്നു. ഇത് എണ്ണ ഉപഭോഗം കുറയ്ക്കാൻ ഇടയാക്കുന്നുവെന്നാണ് ഐ.ഇ.എ ഓയിൽ ഇൻഡസ്ട്രി ആൻഡ് മാർക്കറ്റ് തലവൻ ടോറിൽ ബോസോനി പറയുന്നത്. ഇതിന്റെ അർത്ഥം ചൈനീസ് സമ്ബദ്വ്യവസ്ഥ പഴയ പ്രതാപത്തിലേക്ക് എത്തിയാലും എണ്ണ ഉപഭോഗം കൂടിയേക്കില്ലെന്നതാണ്. അങ്ങനെ സംഭവിച്ചാൽ എണ്ണയിൽ മാത്രം ആശ്രയിച്ചു നിൽക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്ബദ്വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമാകും ഉണ്ടാവുക.
എണ്ണയൊഴുക്കി അമേരിക്കൻ അച്ചുതണ്ട്
മുമ്ബൊക്കെ എണ്ണവില നിയന്ത്രിച്ചിരിക്കുന്നത് സൗദി അറേബ്യ ഉൾപ്പെടുന്ന ഒപെക് രാജ്യങ്ങളായിരുന്നു. എന്നാൽ എണ്ണയിലെ പഴയ ആധിപത്യം ഇത്തരം ഗൾഫ് രാജ്യങ്ങൾക്ക് ഇപ്പോഴില്ല. ഉത്പാദനം വെട്ടിക്കുറച്ചിട്ടു പോലും വിപണിയിലെ എണ്ണ ലഭ്യത കുറഞ്ഞില്ലെന്ന് മാത്രമല്ല ഉയർന്നു തന്നെ നിൽക്കുന്നു. ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചാൽ പോലും അടുത്ത രണ്ട് വർഷത്തേക്ക് വിപണിയിൽ ലഭ്യത കുറയില്ലെന്നാണ് വിലയിരുത്തൽ. യു.എസ്, ബ്രസീൽ, കാനഡ, ഗയാന എന്നീ രാജ്യങ്ങളുടെ നിലപാടാണ് കാരണം. വിപണിയിലേക്ക് പരമാവധി എണ്ണ ഒഴുക്കാനാണ് ഈ രാജ്യങ്ങളുടെ തീരുമാനം. പശ്ചിമേഷ്യൻ സംഘർഷം കത്തിനിന്ന ഒക്ടോബർ ആദ്യ വാരത്തിനുശേഷം ക്രൂഡ് വില ഇടിഞ്ഞത് 11 ശതമാനത്തിലേറെയാണെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് നേട്ടമാകില്ല ?
സാധാരണഗതിയിൽ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കേണ്ടതാണ്. എന്നാൽ ഇത്തവണ ഇന്ത്യയ്ക്ക് അത്ര നേട്ടമാകില്ല. ഇതിനു കാരണം ഡോളർ കരുത്താർജിച്ചതാണ്. ഇന്ത്യയുടെ എണ്ണ വാങ്ങൽ കൂടുതലും ഡോളറിലാണ്. അതിനാൽ ഡോളർ മൂല്യം വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയർത്തുന്നു. എണ്ണവില കുറയുന്നതിനൊപ്പം ഡോളറിനെതിരേ രൂപ കരുത്താർജിക്കുക ചെയ്താൽ മാത്രമേ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകൂ.
രാജ്യത്തെ പൊതുമേഖല എണ്ണ കമ്ബനികളുടെ വരുമാനവും ലാഭവും രണ്ടാപാദത്തിൽ താഴ്ന്ന നിലയിലാണ്. ഇത് കേന്ദ്രസർക്കാരിനെ സംബന്ധിച്ച് അത്ര സന്തോഷം പകരുന്നതല്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മുടക്കുന്ന പണത്തിന്റെ വരവിന്റെ കൂടിയ പങ്കും എണ്ണ വില്പനയിലൂടെ കിട്ടുന്നതാണ്. വരുമാനം കുറയുന്നത് ചെലവഴിക്കലിനെയും അതിനേക്കാളേറെ രാജ്യത്തെ സാമ്ബത്തിക ക്രയവിക്രയങ്ങളെയും ബാധിക്കും. എണ്ണവില കുറച്ച് റിസ്ക്കെടുക്കാൻ കേന്ദ്രം തയാറായേക്കില്ല.