തലശ്ശേരി: പി ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച് സി പി എം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു. പാര്‍ട്ടിയുടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് ആരും വ്യതിരിക്തനാകാന്‍ നോക്കരുത്. വിഎസിന്റെ അനുഭവം മറക്കരുതെന്നും പി ജയരാജന്റെ പേരെടുത്ത് പറയാതെ ജെയിംസ് മാത്യു പറഞ്ഞു. യൂടോക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘സിപിഐഎം എന്ന പ്ലാറ്റ്‌ഫോമിനകത്തു നിന്ന് പാര്‍ട്ടിയുടെ എല്ലാ സൗകര്യവും പ്രയോജനങ്ങളും അനുഭവിച്ചുകൊണ്ട് വ്യതിരിക്തനാകാന്‍ നോക്കരുത്. തന്റെ വ്യതിരിക്തത ബോധ്യപ്പെടുത്തണമെങ്കില്‍ അത് മാറി നിന്നുകൊണ്ട് ചെയ്യണം. അല്ലാതെ ഒരു പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല’, ജെയിംസ് മാത്യു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ട്ടിക്കകത്ത് ആകുമ്പോള്‍ കീഴ്‌പ്പെടണം. അല്ലാതെ നില്‍ക്കാന്‍ പറ്റില്ല, അത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘പി ജയരാജന്‍ പാര്‍ട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. ഒരിക്കലും അതിനെ കുറച്ചുകാണാന്‍ സാധിക്കില്ല. ആ വില മുഴുവന്‍ ഇല്ലാതാക്കുന്ന രീതിയിലാണ് ഈ വിഭാഗം ആളുകളുടെ പ്രവര്‍ത്തനം. പി ജയരാജന്‍ വരുമ്പോള്‍ കുറേ ആളുകള്‍ മുദ്രാവാക്യം വിളിക്കും. പക്ഷെ തകര്‍ന്ന് പോകുന്നത് പി ജയരാജനാണെന്ന് ഇവര്‍ കാണുന്നില്ല.
ഇത്രത്തോളം ഇകഴ്ത്തപ്പെട്ട നേതാവ് വി എസ് അച്യുതാനന്ദനെ പോലെ മറ്റാരുമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്തുമാത്രം അദ്ദേഹം ഇകഴ്ത്തപ്പെട്ടു. ഈ ജനങ്ങള്‍ തന്നെയാണ്, വിഎസ് അഞ്ചു പരിപാടിയില്‍ പോയാല്‍ അഞ്ചു പരിപാടികളിലും പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നത്. പൊതുജനങ്ങളുടെ ഒരു മാനസികാവസ്ഥയാണ് ഇത്. ഒരാളെ പറഞ്ഞുമാറ്റാന്‍ പ്രയാസമായിരിക്കും എന്നാല്‍ ഒരു കൂട്ടം ആളുകളെ പെട്ടെന്ന് പറഞ്ഞുമാറ്റാന്‍ സാധിക്കും. ആള്‍ക്കൂട്ടത്തിനിടയില്‍ എതിര്‍ക്കുന്ന ആളുടെ ശബ്ദം പൊങ്ങില്ല, പറയുന്നതിനെ പിന്തുണയ്ക്കുന്നവരുടെ ശബ്ദമാകും മുഴങ്ങിക്കേള്‍ക്കുക. വിഎസിന്റെയോ പി ജയരാജന്റെയോ കുറ്റമായിട്ടല്ല പറയുന്നത്’, ജെയിംസ് മാത്യു കൂട്ടിച്ചേര്‍ത്തു.