തിരുവല്ല: ആറു വർഷം മുൻപ് കോൺഗ്രസ് പാർട്ടി വിട്ട മുൻ നേതാവിനെ ഏരിയ സെക്രട്ടറിയാക്കി സി.പി.എം. പാർട്ടിയ്‌ക്കൊപ്പം നിൽക്കുന്ന അടിയുറച്ച കേഡർമാരെ മാത്രം ഏരിയ സെക്രട്ടറി പോലുള്ള സുപ്രധാന പദവിയിൽ എത്തിക്കുന്ന നിലപാടിനാണ് സി.പി.എം ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ ഫിലിപ്പോസ് തോമസിനെയാണ് ഇപ്പോൾ സി.പി.എം ഇരവിപേരൂർ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
2014 ലിലാണ് ഫിലിപ്പോസ് തോമസ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ എത്തിയത്. നിലവിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് എന്റർപ്രൈസ് ചെയർമാനായ ഫിലിപ്പോസ് തോമസ് സി.പി.എമ്മുമായി ഇപ്പോൾ ഏറെ അടുത്തിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.എഫ്.ഇയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പത്ത് വർഷം പത്തനംതിട്ട ഡിസിസി പ്രസിഡന്റായിരുന്ന ഫിലിപ്പോസ് തോമസ്, റാന്നിയിൽ മൂന്നു തവണ മത്സരിച്ചിട്ടുമുണ്ട്. 2014 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. ഇതിനു ശേഷമാണ് ഫിലിപ്പോസ് തോമസ് എൽ.ഡി.എഫിലേയ്ക്കും, സി.പി.എമ്മിലേയ്ക്കും ചേക്കേറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരവിപേരൂർ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് പി.സി സുരേഷ്‌കുമാറായിരുന്നു. ഇദ്ദേഹം തുടരുന്നതിനോട് പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവർ മത്സര സന്നദ്ധരായി രംഗത്ത് എത്തുകയായിരുന്നു. ഇതിനു ശേഷമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇടപെട്ട് മത്സരം ഒഴിവാക്കാൻ ശ്രമിച്ചത്. മത്സരം ഒഴിവാക്കുന്നതിനായി ഫിലിപ്പോസ് തോമസിനെ സ്ഥാനാർത്ഥിയായി കൊണ്ടു വരികയായിരുന്നു. ഇതാണ് വിജയിച്ചതും ഫിലിപ്പോസ് ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും.