ന്യൂഡൽഹി : വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരന് പൈലറ്റിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.’അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ സംഭവങ്ങള്‍ അസ്വീകാര്യമാണ്, നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതിനെ ശക്തമായി കൈകാര്യം ചെയ്യും,’ സിന്ധ്യ സമൂഹമാദ്ധ്യമമായ എക്സിലൂടെ പറഞ്ഞു. മര്‍ദ്ദനമേറ്റ ഇന്‍ഡിഗോ പൈലറ്റ് അനൂപ് കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് 6ഇ 2175 വിമാനത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. സഹില്‍ കതാരിയ എന്ന യുവാവാണ് പൈലറ്റിന് നേരെ ആക്രമണം നടത്തിയത്. അതേസമയം ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കല്‍, അകാരണമായ കാലതാമസം, മാനദണ്ഡങ്ങള്‍ പാലിക്കാത്തത് തുടങ്ങിയ പരാതിയുമായി നിരവധി യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിമാനം വൈകുമെന്ന് പൈലറ്റ് അറിയിക്കുന്നതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ പൈലറ്റിന്റെ അടുത്തേക്ക് ഓടിച്ചെന്ന് മുഖത്ത് അടിക്കുന്നതും കാണാം. സംഭവത്തിന് ശേഷം സഹില്‍ കതാരിയയെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറിയതായി അധികൃതര്‍ അറിയിച്ചിരുന്നു. യാത്രക്കാരനെതിരെ പൈലറ്റ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, വിമാനങ്ങള്‍ വൈകുന്നതതില് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ വൈകുന്നത് സ്ഥിരമാണ്, ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് പൈലറ്റിനെ മര്‍ദിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് ഡി.ജി.സി.എയുടെ പുതിയ തീരുമാനം. സര്‍വീസ് നടക്കാതെവന്നതോടെ നൂറോളം യാത്രക്കാരാണ് ഇന്നലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടികള്‍ നല്‍കാതെ വന്നതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതോടെയാണ് പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനമാനിച്ചത്.