തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുന്നു. മുഖ്യമന്ത്രി വിദേശയാത്ര മാറ്റിവെച്ച് അടിയന്തിരമായി ചെന്നൈക്ക് തിരിച്ചതോടെയാണ് സോഷ്യൽ മീഡിയ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചർച്ചകൾ സജീവമാക്കിയത്. കോടിയേരിയുടെ ആരോഗ്യനില ഗുരുതരമായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര മാറ്റിവെച്ച് ചെന്നൈക്ക് പുറപ്പെടുന്നതെന്നാണ് അഭ്യൂഹം. ഇതിനിടെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഇതിനോടകം ചെന്നൈയിലേക്ക് തിരിച്ചെന്നും സൂചനയുണ്ട്.
എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗികമായി പാർട്ടിയോ ആശുപത്രി വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. നിലവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാത്രി മുഖ്യമന്ത്രി ഫിൻലൻഡിലേക്ക് പുറപ്പെടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി അടിയന്തരമായി യാത്ര മാറ്റി വയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അർബുദരോഗ ബാധിതനായ കോടിയേരി സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ആഗസ്റ്റ് 29-നാണ് എയർ ആംബുലൻസിൽ ചെന്നൈയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. 15ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പുറപ്പെട്ടതെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.