തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ജനപ്രതിനിധികളും സര്‍ക്കാറും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നവമാധ്യമങ്ങളില്‍ വിവിധങ്ങളായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും അധികൃതര്‍ ആ പണം ദുരുപയോഗം ചെയ്യുകയാണെന്നുമാണ് പ്രചരണങ്ങള്‍. ദുരിതാശ്വാസ നിധി വഴി സര്‍ക്കാറിലെത്തുന്ന പണത്തിനോ, ചെലവഴിക്കുന്ന പണത്തിനോ യാതൊരു കണക്കുമില്ലെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ അങ്ങനെയല്ല.
സുതാര്യത
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണത്തിന്റെയും അത് ചെലവഴിക്കുന്നതിന്റെയും വിശദ വിവരങ്ങള്‍ donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ധനകാര്യവകുപ്പ് സെക്രട്ടറിക്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. എസ്ബിഐ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിലുള്ള CMDRF അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ഇതേ അക്കൗണ്ടില്‍ നിന്ന് ഗുണഭോക്താക്കളിലേക്ക് നേരിട്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് സഹായധനം വിതരണം ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റ് ഇടനിലക്കാര്‍ക്കോ സാമ്പത്തിക തിരിമറികള്‍ നടത്താനാവില്ല എന്നതാണ് ദുരിതാശ്വാസ നിധിയുടെ ഏറ്റവും വലിയ പ്രത്യേകത.
ധനകാര്യ സെക്രട്ടറിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെങ്കിലും, ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്. CMDRFന്റെ ബാങ്ക് അക്കൗണ്ടിന്റെ ചുമതലയുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാത്രമേ ഇത് സാധ്യമാകൂ.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതും വിനിയോഗിച്ചതുമായ പണം സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും CMDRF വെബ്സൈറ്റില്‍ ലഭ്യമാണ്. സഹായധന വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുകയും ചെയ്യാം. ഈ ഫണ്ടുകളെല്ലാം കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനും വിധേയമാണ്. സംസ്ഥാന നിയമസഭയിലും കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്.
ലഭ്യമായ കണക്കുകള്‍
പ്രളയം കൊവിഡ് എന്നീ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചതും വിനിയോഗിച്ചതുമായ പണം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 1130.67 കോടി രൂപയാണ് കൊവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലെത്തിയത്. ഇതില്‍ 1058.22 കോടി രൂപ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ ഭാഗമായി ലഭിച്ച 4970.29 കോടിയില്‍ നിന്ന് 4724.83 കോടി രൂപയും വിതരണം ചെയ്തു.
2018, 2019 പ്രളയങ്ങളുടെ ഭാഗമായി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
– ഇ പെയ്‌മെന്റ് വഴി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്: 230 കോടി
– പൊതു ജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സാലറി ചലഞ്ച് വഴിയും അല്ലാതെയുമായി ലഭിച്ചത്: 3013 കോടി
– സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ ലഭിച്ചത്: 1246 കോടി
– ഫെസ്റ്റിവല്‍ അലവന്‍സ്: 117 കോടി
– കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് സമാഹരിച്ചത്: 52 കോടി
– മദ്യത്തിന് അധിക നികുതി ചുമത്തിയത് വഴി ലഭിച്ചത്: 308 കോടി
പ്രളയ ദുരിതാശ്വാസത്തില്‍ നിന്ന് ചെലവഴിച്ച തുക
– പ്രളയത്തിന്റെ അടിന്തര സഹായമായി ഒരു കുടുംബത്തിന് 6200 രൂപ വിഹിതം നല്‍കിയതുവഴി ചെലവഴിച്ചത്: 458 കോടി
– വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമായി നല്‍കിയത്: 2503 കോടി
– പ്രളയ ബാധിതര്‍ക്ക് കിറ്റ് നല്‍കാനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ച തുക: 54.46
– പ്രളയബാധിതരായ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി വിതരണം ചെയ്ത തുക: 54 കോടി
– പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ചത്: 9.4 കോടി
– ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി അനുവദിച്ച തുക: 85.6 കോടി
– കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി നീക്കി വെച്ച തുക: 52.69 കോടി
– കുടുംബശ്രീക്കായി നീക്കിവെച്ചത്: 336 കോടി രൂപ
– ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി നീക്കി വെച്ചത്: 26.3 കോടി രൂപ
– കേരള ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്: 10 കോടി
– ദുരിത ബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി നല്‍കിയത്: 47 ലക്ഷം
– ഉജ്ജീവന്‍ പദ്ധതി ചെറുകിട വ്യവസായികള്‍ക്കുള്ള സഹായ വിതരണത്തിനായി നല്‍കിയത്: 26 കോടി
– പുനര്‍ഗേഹം പദ്ധതിക്കായി നല്‍കിയത്: 250 കോടി
– ഓണ സമയത്ത് സിവില്‍ സപ്ലൈസിന് നല്‍കിയത്: 30 കോടി
– CMLRRP യുടെ ഭാഗമായി റോഡ് നിര്‍മാണത്തിനായി ചെലവഴിച്ചത്: 788 കോടി
– വ്യവസായ ക്ഷേമ ബോര്‍ഡിന് നല്‍കിയത്: 5 കോടി
-കാരുണ്യ വഴി മരുന്ന് വിതരണത്തിനായി നല്‍കിയത്: 2.87 കോടി