ജനങ്ങൾക്ക് ജീവിതാനുഭവങ്ങളിലൂടെ സ്വയം ബോധ്യപ്പെടുന്ന സർവ്വതലസ്പർശിയായ വികസന – ക്ഷേമ പ്രവർത്തനങ്ങൾ വിപ്ലവകരമായി നടപ്പാക്കി, സർക്കാർ മുന്നേറ്റം തുടരുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷത്തിൻ്റെ ഭാഗമായി നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘എൻ്റെ കേരളം’ പ്രദർശന -വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർക്കും നിഷേധിക്കാനാകാത്തതും സമാനതകളില്ലാത്തതുമായ വികസനത്തിന് നാട് സാക്ഷിയാവുകയാണ്. ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും മാത്രമാണു സർക്കാരിൻ്റെ ലക്ഷ്യം. ഏതു പ്രതിസന്ധിയിലും ജനങ്ങൾക്ക് സുരക്ഷയും അതിജീവനത്തിന് ശക്തിയും പകർന്ന് മഹത്തായ ലക്ഷ്യബോധത്തോടെയാണു
സർക്കാർ മുന്നോട്ടു പോകുന്നത്.
നിശ്ചയദാർഢ്യത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ ഭരണരംഗത്തും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭവനനിർമ്മാണം എന്നീ മേഖലകളിലും അതിദാരിദ്യ നിർമ്മാർജ്ജനത്തിലും
രാജ്യത്തിനു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാകാൻ കഴിഞ്ഞത് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ അഭിമാനകരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ പ്രകടനപത്രികയിലെ 600 കാര്യങ്ങളിൽ 570 എണ്ണവും നടപ്പാക്കി. രണ്ടാം തവണയും അധികാരത്തിലേറിയപ്പോൾ വിസ്മയിപ്പിക്കുന്ന പദ്ധതികൾ പൂർത്തിയാക്കിയും പുതിയവയ്ക്കു തുടക്കം കുറിച്ചുമാണ് ഒരു വർഷം പിന്നിടുന്നത്. അസാധ്യമെന്നു കരുതിയ ഗെയ്ൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ പദ്ധതിയും മലയോര – തീരദേശ ഹൈവേയ്ക്കുള്ള സ്ഥലമെടുപ്പും പൂർത്തീകരിക്കാൻ സാധിച്ചതു സർക്കാരിൻ്റെ ജനകീയ നേട്ടങ്ങളാണ്. 20 ലക്ഷം വീടുകളിൽ സൗജന്യ ഇൻ്റർനെറ്റ് കണക്ഷൻ സൗജന്യമായി ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുകയാണ്. സർക്കാർ കൈവരിച്ച നേട്ടങ്ങളെല്ലാം ജനങ്ങളുമായി പങ്കുവയ്ക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്
ഒന്നാം വാർഷികാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ കേരളം’ പ്രദർശന – വിപണന മേള, ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ലൈഫ് വീടുകളുടെ താക്കോല്‍ ‘വിതരണവും അദ്ദേഹം നിർവ്വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായി. വ്യവസായ സംരംഭകർക്കുള്ള സബ്സിഡി വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
കലാ-സാംസ്‌കാരികപരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനവും സഹകരണ അംഗ സമാശ്വാസനിധി വിതരണവും തോമസ് ചാഴികാടന്‍ എം.പി. നിര്‍വഹിച്ചു. മത്സ്യ കർഷകർക്കുള്ള ധനസഹായ വിതരണം,
സി.കെ. ആശ എം.എൽ.എ യും ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്, വന്യ ജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം എന്നിവയുടെ വിതരണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ – യും , വനാവകാശ രേഖ, അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഐ.എസ്. ഒ സർട്ടിഫിക്കറ്റ് , ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന സ്വയം തൊഴിൽ വായ്പ ലഭിച്ചവർക്കുള്ള സബ്സിഡി എന്നിവയുടെ വിതരണം അഡ്വ. ജോബ് മൈക്കിള്‍ എം എൽ എ യും കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ക്ഷീര കർഷകർക്കുള്ള റിവോൾവിംഗ് ഫണ്ട് വിതരണം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയും, ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോനും നിർവ്വഹിച്ചു.
കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുകേഷ് കെ. മണി , ഐ ആൻ്റ് പി.ആർ.ഡി. കോട്ടയം മേഖല ഉപ ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറി എസ്. സനിൽ കുമാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ എ.വി റസൽ, സി.കെ ശശിധരൻ, രാജീവ് നെല്ലിക്കുന്നേൽ, സാജൻ ആലക്കുളം, സജി നൈനാൻ, പി.ഒ. വർക്കി എന്നിവർ സന്നിഹിതരായിരുന്നു.