ഫ്ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗർഭിണിയായ സ്ത്രീയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ഗർഭിണിയുടെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ ശേഷമായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലാണ് സംഭവം.
ഭർത്താവിനും 5 വയസുകാരിയായ മകൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായാണ് യുവതി ഫ്ലോറിഡയിലെ കിസ്സിമ്മീയിലെത്തിയത്. ഒരു പ്രാദേശിക റെസ്റ്റോറൻ്റിൽ നിന്ന് ഇവർ ഒരു പിസ്സ ഓർഡർ ചെയ്തിരുന്നു. 2 ഡോളറാണ് ഡെലിവറി ഗേളിന് യുവതി ടിപ്പായി നൽകിയത്. ഇതോടെ പ്രകോപിതയായ അൽവെലോ യുവതിയുടെ മുറിയിൽ നിന്ന് മടങ്ങിയ ശേഷം മറ്റൊരാളുമായി തിരികെ വരികയായിരുന്നു. അൽവെലോയുടെ കയ്യിൽ കത്തിയും ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ പക്കൽ തോക്കുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗർഭിണിയായ യുവതിയെ പ്രതി 14 തവണ കുത്തിയതായാണ് വിവരം. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താൻ ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊലപാതകശ്രമം, ആക്രമണം, തോക്ക് ഉപയോഗിച്ച് വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അൽവെലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.