പി ജെ ജോസഫിനെക്കാൾ ചതിയൻ മോൻസ് ജോസഫ് : സ്റ്റീഫൻ ജോർജ്

കോട്ടയം: കെഎം മാണി മന്ത്രി സ്ഥാനം രാജിവെക്കുമ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ പി.ജെ ജോസഫിനെ പ്രേരിപ്പിച്ചത് മോൻസ് ജോസഫ് ആണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.രണ്ട് എംഎൽഎമാരുടെ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്ന ഉമ്മൻചാണ്ടി ഗവൺമെന്റിൽ ഒമ്പത് എംഎൽഎമാർ ഉള്ള കേരള കോൺഗ്രസ് എമ്മിനെ പിന്നിൽ നിന്നും കുത്തി ഒറ്റുകൊടുത്ത വിഭാഗത്തിന് ചുക്കാൻ പിടിച്ചത് മോൻസ് ജോസഫ് ആണ്.ബാർകോഴ കേസിൽ ഞാൻ മുദ്രാവാക്യം വിളിച്ചു എന്നത് നട്ടാൽ കുരുക്കാത്ത നുണയാണ് .അന്ന് മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ആരോപണത്തോട് ആസ്വദിച്ചു നിന്നപ്പോൾ മാണി സാറിന്റെ ഭാഗം ന്യായീകരിക്കാൻ ചാനൽ ചർച്ചകൾക്ക് നേതൃത്വം കൊടുത്ത എന്നെയാണ് നുണ പറഞ്ഞ് അധിക്ഷേപിക്കുന്നത്.മാണി സാറിന് പനി വന്നാൽ പിജെ ജോസഫ് എന്തിനാണ് മരുന്നു കഴിക്കുന്നത് എന്നാണ് മോൻസ് ജോസഫ് പറഞ്ഞത്. പിജെ ജോസഫിനും മോൻസ് ജോസഫിനും പനി വന്നപ്പോൾ മാണിസാർ മരുന്നു കഴിച്ചത് മോൻസ് ഓർക്കുന്നത് നന്നായിരിക്കും. ലേഖനത്തിൽ പറയുന്നത് പോലെ മാണിസാർ രാജിവച്ച സമയത്ത് ലേഖകനായ ഞാനും അന്നത്തെ പെരുമ്പാവൂർ എംഎൽഎ സാജു പോളും മുൻ എംഎൽഎ കെ കെ ഷാജുവും എംഎൽഎ കോട്ടേഴ്സിൽ നിൽക്കുമ്പോൾ കാറിൽ വന്നിറങ്ങിയ മോൻസിനോട് മാണി സാറിനെ നിങ്ങൾ ഒറ്റു കൊടുത്തത് എന്തിന് എന്നാണ് ചോദിച്ചത് .മാണി സാറിനെ സഹായിക്കാൻ ജോസഫ് സാർ അകത്ത് വേണമെന്ന് നിർബന്ധിച്ചത് ഞാനാണ് എന്നാണ് മോൻസ് പറഞ്ഞത് .ആളുകളെ വിഡ്ഢികളാക്കുന്ന ഇത്തരം കുതന്ത്രങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. 2010 ൽ പാർട്ടിയെ ലയിപ്പിക്കാൻ മന്ത്രിസ്ഥാനം ത്യജിച്ചു എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് .എൽഡിഎഫിന്റെ ഭരണം തീരാറായ സാഹചര്യത്തിൽ യുഡിഎഫിൽ വന്ന് അഞ്ചുവർഷം കൂടി മന്ത്രി ആകുക എന്നതാണു യഥാർത്ഥ ലക്ഷ്യമാണ് പി ജെ ജോസഫിന് ഉണ്ടായിരുന്നത് .2011ലെ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ എൽഡിഎഫ് ജയിക്കില്ലെന്ന് ബോധ്യം ഉള്ളപ്പോൾ സുരക്ഷിതമാകാൻ വേണ്ടിയാണ് മോൻസ് മുൻകൈയെടുത്ത് പാർട്ടിയെ ലയിപ്പിച്ചത് .പിന്നീട് കാര്യം കഴിഞ്ഞപ്പോൾ പിളർത്തിയതും താങ്കൾ തന്നെ. കൊയിലാണ്ടി, സരിത കേസുകളിൽ ആരോപിതനായ മോൻസിനെ സംരക്ഷിച്ച മാണി സാറിനോട് താങ്കൾ തന്നെ ഈ കൊടും ചതി ചെയ്യേണ്ടിയിരുന്നില്ലന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

Advertisements

Hot Topics

Related Articles