ഇസ്ളാമബാദ് : പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹ്‌ബാസ് ഷെരീഫ് തിരിച്ചെത്തി. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനായ ഷെഹ്ബാസ് ഷെരീഫ് പി.എം.എല്‍ – എൻ – പി.പി.പി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. മുൻ മന്ത്രി ഒമർ അയൂബ് ആയിരുന്നു മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്) പ്രധാനമന്ത്രി സ്ഥാനാർത്ഥി. ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
2022 ഏപ്രിലില്‍ അവിശ്വാസ വോട്ടിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെയാണ് 72കാരനായ ഷെഹ്ബാസ് പ്രധാനമന്ത്രിയായത്. കഴിഞ്ഞ ഓഗസ്റ്റ് വരെ അദ്ദേഹം തുടർന്നു. ഏറ്റവും കൂടുതല്‍ കാലം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലിരുന്നത് ഷെഹ്ബാസാണ്. ഈ മാസം എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടാതെ വന്നതോടെ സർക്കാർ രൂപീകരിക്കാൻ നവാസ് ഷെരീഫിന്റെ പി.എം.എല്‍ – എന്നും (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) ബിലാവല്‍ ഭൂട്ടോ സർദ്ദാരിയുടെ പി.പി.പിയും ധാരണയിലെത്തിയിരുന്നു. മറ്റ് നാല് പാർട്ടികളുടെ പിന്തുണയും സഖ്യത്തിനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, 93 സീറ്റുമായി പി.ടി.ഐയുടെ സ്വതന്ത്രരാണ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. പി.എം.എല്‍ – എൻ 75ഉം പി.പി.പി 54ഉം വീതം നേടി. പി.ടി.ഐ സ്വതന്ത്രർ നിലവില്‍ പാർലമെന്റില്‍ സുന്നി ഇത്തെഹാദ് കൗണ്‍സില്‍ ( എസ്.ഐ.സി ) സഖ്യത്തിന്റെ ഭാഗമാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ( നാഷണല്‍ അസംബ്ലി ) അംഗങ്ങള്‍ വ്യാഴാഴ്ച അധികാരമേറ്റെടുത്തിരുന്നു. പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് മാർച്ച് 9ന് നടക്കും. ബിലാവലിന്റെ പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയാണ് പി.എം.എല്‍ – എൻ – പി.പി.പി സഖ്യത്തിന്റെ നോമിനി. അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് സർദ്ദാരി. 2008 – 2013 വരെ ഇദ്ദേഹം പാക് പ്രസിഡന്റായിരുന്നു.