പ്ലാസ്റ്റിക് ബോട്ടിലുകളിലും കണ്ടെയ്‌നറുകളിലും ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുവായ ബിപിഎ (ബിസ്ഫിനോള്‍ എ) ഹോര്‍മോണ്‍ സന്തുലനം തടസപ്പെടുത്തുകയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം.അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 2024ലെ സയന്‌റിഫിക് സെക്ഷനില്‍ അവതരിപ്പിച്ച പഠനം സൂചിപ്പിക്കുന്നത് ബിപിഎ ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ്.നിലവിലെ മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടേക്കാവുന്നതിനാല്‍ ഇപിഎ(എന്‍വയോണ്‍മെന്‌റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി)യുടെ നിലവിലെ സുരക്ഷിതമായ ബിപിഎ എക്‌സ്‌പോഷര്‍ പരിധികള്‍ പുനഃപരിശോധിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്നു.ഭക്ഷണപാനീയങ്ങളുടെ പാക്കോജിങ്ങില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബിപിഎ. ബിപിഎ മനുഷ്യഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നത് നേരത്തേതന്നെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത കുറയുന്നതിലേക്ക് ബിപിഎയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പുതിയ പഠനം നല്‍കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലേക്ക് നയിക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്.യുഎസ് ഇപിഎയുടെ സുരക്ഷിതമായ അളവ് പുനഃപരിശോധിക്കണമെന്നും ഇതനുസരിച്ച് ആരോഗ്യവിദഗ്ധര്‍ രോഗികള്‍ക്ക് ഈ മാറ്റങ്ങള്‍ നിര്‍ദേശിക്കണമെന്നുമാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ പോളിടെക്‌നിക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ടോഡ് ഹെങ്കോബിയന്‍ പറഞ്ഞു.