തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിലെ കണക്കുകളിൽ ഉറച്ചുനിന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി. മലപ്പുറത്ത് ഏഴായിരം സീറ്റുകൾ മാത്രമേ കുറവുള്ളൂവെന്നും 16000 സീറ്റ് കുറവുണ്ടെന്നത് മാധ്യമങ്ങളുടെ കണക്കാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനപ്പുറമുള്ള കണക്ക് തന്റെ കൈയിലില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അധിക ബാച്ച് വിഷയത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെൻററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴായിരം പേർക്ക് കൂടി സീറ്റ് കിട്ടാനുണ്ടെന്നാണ് മന്ത്രി ആവർത്തിക്കുന്നത്. അതേസമയം സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷ പൂർത്തിയായപ്പോൾ ജില്ലയിൽ ഇനിയും 16881 പേര്‍ക്ക് സീറ്റ് കിട്ടാനുണ്ട്. പാലക്കാട് 8139 ഉം കോഴിക്കോട് 7192 ഉം കണ്ണൂരിൽ 4623 ഉം സീറ്റുകൾ ആവശ്യമാണ്. മലപ്പുറത്ത് കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളടക്കം ചേർത്ത് ഇനി 6937 സീറ്റുകളാണ് ബാക്കിയുള്ളത്. പതിനായിരത്തിലേറെ സീറ്റുകൾ ഇനി മലപ്പുറത്ത് മാത്രം വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.