ശ്രീനഗര്‍: കശ്മീരിലെ വേദിയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരികളുടെ ജീവിതം തകര്‍ക്കാനാണ് പാകിസ്താന്‍ ശ്രമിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പോണികളെയും കൊണ്ട് ഉപജീവനം നയിച്ച ആദിലിനെ കൊലപ്പെടുത്തിയത് അതിന് തെളിവാണ്. കശ്മീരിന്റെ വികസനവും ടൂറിസവും ഉള്‍പ്പെടെ ദുര്‍ബലപ്പെടുത്താന്‍ പാകിസ്താന്‍ ശ്രമിച്ചു. അതാണ് പഹല്‍ഗാമില്‍ കണ്ടതെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ കത്രയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലത്തിന്റെയും പുതിയ റെയില്‍പാതയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
പാകിസ്താന്‍ മനുഷ്യത്വത്തിന് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കലാപമുണ്ടാക്കാനും കഠിനാധ്വാനികളായ കശ്മീരികളുടെ വരുമാനം മുടക്കാനുമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. അതുകൊണ്ടാണ് പാകിസ്താന്‍ കശ്മീരിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിച്ചത്. പഹല്‍ഗാമില്‍ നിരപരാധികളെയാണ് പാകിസ്താന്‍ വധിച്ചത്. പാകിസ്താന്‍ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് പഹല്‍ഗാം ഭീകരാക്രമണമെന്നും മോദി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭീകരതയ്‌ക്കെതിരെ ജമ്മു കശ്മീരിലെ ജനത പോരാടുകയാണെന്നും അവർ തിരിച്ചുവരവിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. ജമ്മു കശ്മീര്‍ ഇനിയും സിനിമകളില്‍ നിറയും. ജമ്മു കശ്മീരിന്റെ വികസനത്തെ തടയാന്‍ ആരെയും അനുവദിക്കില്ല. ഇന്ന് ജൂണ്‍ ആറ്. ഒരു മാസം മുന്‍പ് ഇതേ ദിവസമാണ് പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തത്. 22 മിനിറ്റില്‍ പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ഇതുപോലെ തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നും മോദി പറഞ്ഞു. അതിര്‍ത്തിയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് അധിക ധനസഹായം നല്‍കും അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.