ചങ്ങനാശേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എരുമേലി ചെറുവേലി പൂച്ചത്തുകവല വത്തലപറമ്പില്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ സോമന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ ശിക്ഷയും വിധിച്ചു. കേസില്‍ ചങ്ങനാശേരി ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ജി.പി ജയകൃഷ്ണന്‍ ആണ് വിധി പ്രസ്താവിച്ചത്. 2015,2016 കാലയളവില്‍ മുണ്ടക്കയത്ത് പഠിച്ചുകൊണ്ടിരുന്ന അതിജീവിതയെ അടുത്ത ബന്ധുവായ സോമന്‍ സംരക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ അതിജീവത പിന്നീട്, ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 31 സാക്ഷികളും, 25 പ്രമാണങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. എരുമേലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.എസ് മനോജ് ഹാജരായി.