പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടി പീഡനത്തിന് ഇരയായെന്ന്. കുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലമുള ചാത്തൻതറ സന്തോഷ് കവല പത്താഴപ്പുരക്കൽ ആനന്ദ് രാജേഷി (18)നെയാണ്് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ മണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചത്. കൊല്ലമുള വെൺകുറിഞ്ഞി എസ് എൻ ഡി പി സ്‌കൂളിന് മുമ്പിൽ നിന്നായിരുന്നു കുട്ടിയെ കാണാതായത്. മകളെ കാണാനില്ലെന്ന പരാതിയുമായി വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ ഹാജരായ പിതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കാമുകനൊപ്പം പോയതാകാമെന്ന സൂചനയിൽ അന്വേഷണം വ്യാപിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർദേശാനുസരണം പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ മണിക്കൂറുകൾക്കകം യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി. ചോദ്യം ചെയ്യലിൽ രാവിലെ 9 മണിക്ക് പെൺകുട്ടിയെ വെൺകുറുഞ്ഞി സ്‌കൂളിന്റെ മുന്നിൽ നിന്നും ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് യുവാവ് സമ്മതിച്ചു. പെൺകുട്ടിക്ക് പൊലീസ് വെൽഫയർ ഓഫീസറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുകയും തുടന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കാമുകൻ തട്ടിക്കൊണ്ടുപോയതാണെന്നും,നാലു വർഷമായി പ്രണയത്തിലാണെന്നും, കഴിഞ്ഞ വർഷം നവംബറിൽ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് ഇയാളെ വൈകിട്ട് നാലു മണിക്ക് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആനന്ദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിലെ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കുട്ടിക്കാനത്തിന് സമീപം, കുട്ടിക്കാനം മുണ്ടക്കയം റോഡിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇവിടെ റോഡുവക്കിൽ ബൈക്കുമായി നിന്ന ഇരുവരെയും വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു. വെച്ചൂച്ചിറ സ്റ്റേഷനിലെ ചൈൽഡ് വെൽഫയർ ഓഫീസർ കൂടിയായ ആശ ഗോപാലകൃഷ്ണൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ സൂര്യ എന്നിവർ കൗൺസിലിംഗ് ലഭ്യമാക്കിയതിനെതുടർന്നാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പാഞ്ചാലിമേട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഇവരെ മണിക്കൂറുകൾക്കകം കണ്ടെത്തിയത്. പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയ ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു, ബൈക്കും കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയ, ഈ എസ് ഐ അച്ചൻകുഞ്ഞ്, എസ് സി പി ഓ സലിം, ആശ ഗോപാലകൃഷ്ണൻ, സിപി ഓ സൂര്യ, സോണിമോൻ തുടങ്ങിയവരാണുണ്ടായിരുന്നത്.