മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാട് വിട്ട പിതാവിനെ പൊലീസ് പിടികൂടി. 2016-ൽ പെരുമ്പടപ്പ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പോക്സോ കേസിലാണ് പിതാവ് അറസ്റ്റിലാകുന്നത്. കേരളത്തിൽ താമസമാക്കിയ ബിഹാർ മുസാഫിർപുർ സ്വദേശിയായ നാൽപ്പത്തിയൊമ്പതുകാരനാണ് പിടിയിലായത്. ഇയാളുടെ ആദ്യഭാര്യയിൽ പിറന്ന കുട്ടികളിൽ ഒരാളെയാണ് പീഡിപ്പിച്ചത്.
ബിഹാറിലെ ആദ്യഭാര്യയുടെ മരണശേഷം കുട്ടികളേയുംകൊണ്ട് പെരുമ്പടപ്പ് പുത്തൻപള്ളിയിൽ താമസിച്ചുവരുകയായിരുന്നു. ഇതിനിടെ മലയാളി യുവതിയെ രണ്ടാംവിവാഹം കഴിക്കുകയുംചെയ്തു. ഇതിനിടയിലാണ് ഇയാൾ മകളേയും പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പാലക്കാട് നാട്ടുവൈദ്യന്റെ സഹായത്തോടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായതോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിഅധികൃതർ അറിയിച്ചത് അനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ബംഗാളികളായ മൂന്നുപേർ തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തി. വീണ്ടും പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിഹാറിലുള്ള ബന്ധുവുമായി സ്നേഹത്തിലായിരുന്നെന്നും അവൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും കുട്ടി മൊഴിനൽകി.
തുടർന്ന് പൊലീസ് ബിഹാറിൽ പോയി അന്വേഷിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. ഇതിനിടെ കുട്ടിയുടെ പിതാവ് ബിഹാറിലേക്ക് പോയി പിന്നീട് തിരിച്ചുവന്നില്ല. ഇതോടെ പ്രതി പിതാവാകാമെന്ന് പൊലീസിന് സംശയമായി. 2021-ൽ കുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പിതാവിന്റെ പേര് പുറത്തുവന്നത്. നിരന്തരമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ രാജസ്ഥാനിലെ ഭിവാടിയിൽ നിന്നാണ് പിടികൂടിയത്. അവിടെ പ്രതി മൂന്നാമത് വിവാഹംചെയ്തു കഴിയുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത്ദാസ് അറിയിച്ചു.
അന്വേഷണസംഘത്തിൽ തിരൂർ ഡിവൈ.എസ്പി. വി.വി. ബെന്നി, പെരുമ്പടപ്പ് പൊലീസ് ഇൻസ്‌പെക്ടർ പി.എം. വിമോദ്, എഎസ്ഐ. പ്രീത, സി.പി.ഒ.മാരായ രഞ്ജിത്ത്, നാസർ, വിഷ്ണുനാരായണൻ എന്നിവരുണ്ടായിരുന്നു.