തിരുവല്ല : കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഒട്ടേറെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന തിരുവല്ല സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി മാസങ്ങൾക്ക് മുൻപ് മിന്നൽ സന്ദർശനം നടത്തിയ ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് മൂലം ബ്ലഡ് ബാങ്ക് പൂട്ടിയിട്ടത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും.
യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ വിശാഖ് വെൺപാല, ജിജോ ചെറിയാൻ, രഞ്ജു മുണ്ടിയിൽ, ജനറൽ സെക്രട്ടറി മാരായ അഖിൽ ഓമനക്കുട്ടൻ, ബെൻസി അലക്സ്, ബെന്നി സ്കറിയ, എന്നിവർ സംസാരിച്ചു.