കോട്ടയം : പഴക്കടയിൽ നിന്ന് പത്തുകിലോ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ. പൊലീസിനാകെ മാനക്കേടുണ്ടാക്കിയ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.വി. ശിഹാബിനെ ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ കടയ്ക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്ബഴം സ്‌കൂട്ടറിന്റെ അണ്ടർസീറ്റ് സ്റ്റോറേജിൽ നിറയ്ക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടിയുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടിക്ക് ശേഷം മുണ്ടക്കയത്തെ വീട്ടിലേക്ക് വെളുപ്പിന് സ്‌കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു മോഷണം. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷ്ടിച്ചതായി ഉടമ നാസർ നൽകിയ പരാതിയിൽ പറയുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിഹാബ് ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
ക്രിമിനൽ പശ്ചാത്തലമുള്ള ശിഹാബ് 2019 ൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ ആയിരുന്നു. പുറത്തിറങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ശിഹാബിനെതിരെ മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടക്കുകയാണ്. 2007 ൽ സേനയുടെ ഭാഗമാകുന്നതിന് മുൻപ് വീടുകയറി മർദ്ദിച്ചതിനും ശിഹാബിനെതിരെ കേസുണ്ട്. ക്വാറി മാഫിയകളുമായുള്ള ബന്ധം, ശബരിമലയിൽ വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്ന് പണം തട്ടൽ, ഡ്യൂട്ടിയിലില്ലാത്ത സമയത്തും യൂണിഫോമിലെത്തി നാട്ടുകാരെ വിരട്ടി പണം പിരിക്കൽ തുടങ്ങി നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയർന്നിട്ടും ഉന്നത സ്വാധീനത്താൽ പിന്നീട് നടപടികളുണ്ടായില്ല.