കോട്ടയം: ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐഡി നിർമ്മിച്ച് തട്ടിപ്പ് നടത്താൻ ശ്രമം. ഡിവൈഎസ്പിയുടെ സുഹൃത്തായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ് എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാൻ ശ്രമം നടന്നത്. 1.20 ലക്ഷം രൂപയാണ് തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. കടുത്തുരുത്തി പൂഴിക്കോൽ പൂവത്തുംമൂട്ടിൽ സുനിൽ ഫിലിപ്പിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിന്റേത് എന്ന അക്കൗണ്ടിൽ നിന്നും സുനിൽ ഫിലിപ്പിന് മെസഞ്ചറിൽ ആദ്യ സന്ദേശം എത്തി. ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണാണ് എന്ന് പരിചയപ്പെടുത്തി എത്തിയ മെസേജിന് ഒപ്പം സുനിലിന്റെ വാട്സ്അപ്പ് നമ്പർ കൂടി ആവശ്യപ്പെട്ടിരുന്നു. സുനിൽ നമ്പർ നൽകി. ഇതിനു പിന്നാലെ തന്റെ സുഹൃത്തായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് നമ്പർ നൽകുമെന്ന് ഡിവൈഎസ്പി സുനിലിനോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രാവിലെയാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തിയ ആൾ ഫോണിൽ ബന്ധപ്പെട്ടത്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സുമിത് കുമാറാണ് എന്ന് പരിചയപ്പെടുത്തി വാട്സ് അപ്പ് സന്ദേശവും എത്തി. ഇതിന് ശേഷം താൻ സ്ഥലം മാറി പോകുകയാണ് എന്നും , താൻ ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ്, സ്മാർട്ട് ടിവി, സോഫാ സെറ്റ്, ഇൻവെർട്ടർ, കട്ടിൽ, വാട്ടർ പ്യൂരിഫെയർ, വാഷിംങ് മെഷീൻ, എസി , അലമാര, ഡെന്നിംങ് ടേബിൾ എന്നിവ വിൽക്കാനുണ്ട് എന്നറിയിച്ചു.
എല്ലാ സാധനങ്ങൾക്കും മൂന്നു മാസം പഴക്കമുണ്ടെന്നും അറിയിച്ചു. ഇത് അനുസരിച്ച് ഗൂഗിൾ പേ വഴി പണം അയച്ചു നൽകാൻ തട്ടിപ്പുകാരൻ അറിയിച്ചു. എന്നാൽ, സംശയം തോന്നിയ പരാതിക്കാരൻ ഉടൻ തന്നെ മുൻപ് കടുത്തുരുത്തി സിഐ ആയിരുന്ന ടോംസണിനെ പരിചയമുള്ളവരെ ഫോണിൽ ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും, ആരും വഞ്ചിതരാകരുത് എന്നും നേരത്തെ തന്നെ ഡിവൈഎസ്പി കെ.പി ടോംസൺ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഇദ്ദേഹം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.