ലഖ്നൗ : സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലിന്റേയും പരിഹാസങ്ങളുടേയും കഥകള്‍ ഓരോ ട്രാൻസ് വ്യക്തികള്‍ക്കും പറയാനുണ്ടാകും.സ്ത്രീയ്ക്കും പുരുഷനുമെന്ന പോലെ അവർക്കും തുല്യാവകാശമുണ്ടെന്ന് തിരിച്ചറിയുന്നവർ ഇന്നും കുറവാണ്, ഓരോ ദിവസവും ജീവിതത്തോട് പോരാടിയാണ് അവർ തങ്ങളുടെ സ്വപ്നങ്ങള്‍ കീഴടക്കുന്നത്. അത്തരത്തില്‍ എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് ആഗ്രഹിച്ച ജീവിതം സ്വന്തമാക്കിയ ഒരു ട്രാൻസ് വ്യക്തിയാണ് മഹാരാഷ്ട്രയിലെ രാജ്ഗാവോ ഗ്രാമത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥൻ ലളിത് സാല്‍വെ. മഹാരാഷ്ട്രാ പോലീസില്‍ വനിതാ കോണ്‍സ്റ്റബിളായിരുന്ന ലളിതാ സാല്‍വെ തന്റെ 30-ാം വയസില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറുകയായിരുന്നു. 2018-ലായിരുന്നു മുംബൈയിലെ സെയ്ന്റ് ജോർജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. 2020 ഫെബ്രുവരിയില്‍ വിവാഹതിനാകുകയും ചെയ്തു. ഇപ്പോഴിതാ ലളിതിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ലളിതിനും ഭാര്യ സീമയ്ക്കും ജനുവരി 15-ന് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഒരു അച്ഛനായതിന്റെ സന്തോഷത്തിലാണ് ലളിത് ഇപ്പോഴുള്ളത്.
1988-ല്‍ ബീഡ് ജില്ലയിലാണ് ലളിത് ജനിച്ചത്. 2013 മുതലാണ് പുരുഷലക്ഷണങ്ങള്‍ ശരീരത്തില്‍ കാണാൻതുടങ്ങിയത്. പിന്നീടുള്ള മെഡിക്കല്‍ പരിശോധനയില്‍ പുരുഷഹോർമോണുകളാണ് സാല്‍വെയുടെ ശരീരത്തിലെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ നടത്താൻ പോലീസ് വകുപ്പില്‍നിന്ന് അവധി ലഭിക്കാതെവന്നതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ അനുമതിയോടെ മുംബൈയിലെ ആശുപത്രിയില്‍ മൂന്നു ശസ്ത്രക്രിയകള്‍ നടത്തി. 2018 മേയിലാണ് ലിംഗമാറ്റശസ്ത്രക്രിയയുടെ ആദ്യഘട്ടം നടന്നത്. രണ്ടാംഘട്ടവും മൂന്നാംഘട്ടവും കഴിഞ്ഞതോടെ പുരുഷനായ മാറി. അങ്ങനെ ലളിത് സാല്വെയായി. രണ്ടുവർഷത്തിനുശേഷം സ്വന്തം നാട്ടുകാരിയായ സീമയെ വിവാഹവും കഴിച്ചു. ഇപ്പോള്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചതോടെ ജീവിതം കൂടുതല്‍ സന്തോഷകരമായി മുന്നോട്ടുപോകുന്നുവെന്ന് ലളിത് പറയുന്നു. കുഞ്ഞിന് പേരിട്ടത് ആരുഷ് എന്നാണ്. സൂര്യന്റെ ആദ്യകിരണങ്ങളാണ് ആരുഷ്. കുടുംബത്തിലേക്കുവന്ന ആത്മവിശ്വാസത്തിന്റെ ആദ്യകിരണമാണ് ഇവനെന്നാണ് ലളിതും സീമയും പറയുന്നത്. ലിംഗമാറ്റത്തിന് ഏറ്റവും കൂടുതല്‍ പിന്തുണവേണ്ടത് രക്ഷിതാക്കളില്നിന്നാണെന്ന് സാല്‍വെ പറയുന്നു. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് മുമ്ബും പിന്നീടും കൗണ്‍സിലിങ്ങും ആവശ്യമാണ്. കാര്യങ്ങള്‍ രക്ഷിതാക്കളോട് തുറന്നുപറയുകയെന്നതാണ് പ്രധാനവെല്ലുവിളിയെന്നും അതിലൂടെയെല്ലാം കടന്നുപോയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.