കോട്ടയം: അവധിയെടുത്ത് വീട്ടിലിരുന്നിട്ടും, മോഷ്ടാവിനെപ്പറ്റി വിവരം ലഭിച്ചപ്പോൾ യഥാർത്ഥ പൊലീസായി ഷെജിമോൻ. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷിജിമോനാണ് അവധി ദിവസത്തിലും ഡ്യൂട്ടിയ്ക്കിറങ്ങി സംസ്ഥാനത്തെ വിറപ്പിച്ച മോഷ്ടാവിനെ അകത്താക്കി കേരള പൊലീസിന്റെ അഭിമാനം കാത്തത്. സംസ്ഥാനത്തെമ്പാടും മോഷണം നടത്തിയ ചുണ്ടൻ ബിജു എന്ന മോഷ്ടാവിനെയാണ് ഷിജിമോന്റെ സാഹസികമായ നീക്കത്തിനൊടുവിൽ കുമരകം പൊലീസ് പിടികൂടി എറണാകുളം നോർത്ത് പൊലീസിനു കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംഭവം. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷിജിമോൻ ദിവസങ്ങളോളം അവധിയിലായിരുന്നു. ഇതിനിടെയാണ് കൊച്ചിയിലെ പൊലീസ് സംഘത്തിൽ നിന്നും ചുണ്ടൻ ബിജുവിന്റെ വിവരം ഷിജിമോന് ലഭിക്കുന്നത്. ചുണ്ടൻ ബിജു, ചെങ്ങളം ഭാഗത്ത് ഒളിവിൽ കഴിയുന്നതായാണ് വിവരം ലഭിച്ചത്. ഇയാളുടെ കൃത്യം സ്ഥലം കണ്ടെത്തി നൽകണമെന്ന് എറണാകുളം പൊലീസ് ഷിജിമോനോട് സഹായം അഭ്യർത്ഥിച്ചു. ഇയാളുടെ വിശദാംശങ്ങൾ ലഭിച്ചതോടെ ഷിജിമോൻ അന്വേഷണത്തിനായി ഇറങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേഷം മാറി സ്വന്തം സ്കൂട്ടറിൽ ചെങ്ങളത്തിന് സമീപം ചുണ്ടൻബിജു ഉണ്ടെന്ന് കരുതുന്ന വീടിന്റെ പരിസരത്ത് ഷിജിമോൻ എത്തി. പ്രദേശത്ത് രഹസ്യമായി നിരീക്ഷണം നടത്തിയ ഷിജിമോൻ ഇയാൾ വീട്ടിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. തുടർന്നു പ്രദേശത്തെ ഷാപ്പിന്റെ പരിസരത്ത് എത്തിയ ശേഷം കൊച്ചി നോർത്ത് പൊലീസിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടൻ തന്നെ കൊച്ചിയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പുറപ്പെട്ടു. ഇതിനിടെ ഷിജിമോൻ വീണ്ടും ചുണ്ടൻ ബിജുവിന്റെ വീടിന് സമീപത്ത് എത്തി.
ഈ സമയം ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങി ഇല്ലിക്കൽ ഭാഗത്തേയ്ക്കു നടന്നു. ഷിജിമോനും പിന്നാലെ നടന്നു. തന്നെ പ്രതി കണ്ട് തിരിച്ചറിഞ്ഞതായും ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നതായും ഷിജിമോൻ സംശയിച്ചു. ഇതേ തുടർന്ന് കുമരകം പൊലീസിൽ ഇദ്ദേഹം വിവരം അറിയിച്ചു. കുമരകം പൊലീസ് സ്ഥലത്ത് എത്തുന്നതിനായി കാത്തിരിക്കുന്നതിനിടെ ചുണ്ടൻ ബിജുവിനെ കാണാതായി. തുടർന്നു, പ്രദേശത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇല്ലിയ്ക്കൽ പാലത്തിനു സമീപത്ത് വച്ച് ചുണ്ടൻ ബിജുവിനെ കണ്ടു.
ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ ബിജുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുതറി ഓടി. പ്രദേശത്തെ സ്ഥാപനത്തിനുള്ളിൽ കയറി രക്ഷപെടാൻ ശ്രമിച്ച ബിജുവിനെ ഷിജിമോൻ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഈ സമയം തന്നെ കുമരകം പൊലീസ് സംഘവും സ്ഥലത്ത് എത്തി. കുമരകം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ , പിന്നീട് എറണാകുളം നോർത്ത് പൊലീസ് എത്തി റിമാൻഡ് ചെയ്തു.
എറണാകുളം ലിസി ആശുപത്രിയ്ക്കു സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ കയറി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലാണ് ഇപ്പോൾ നോർത്ത് പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.