തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധിച്ചയാളെ ചവിട്ടി വിഴ്ത്തിയ പൊലീസുകാരനെതിരെ നടപടി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷബീറിനെ തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തിയതിനും മുഖത്തടിച്ചതിനാണ് നടപടി.
ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ ഷബീർ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. വകുപ്പുതല അന്വേഷണത്തിന് ശേഷം തുടർനടപടികളാകാമെന്നാണ് നിർദ്ദേശം. ഇത് വലിയ വിവാദമായതോടെയാണ് ഇപ്പോൾ ഷബീറിനെതിരെ നടപടി വന്നിരിക്കുന്നത്.